മെഡിക്കൽ കോളജ്: 'താൽക്കാലിക' ആശ്വാസം, 106 ജീവനക്കാരെ നിയമിക്കും
text_fieldsകോഴിക്കോട്: ഏറെനാളത്തെ ദുരിതങ്ങൾക്കൊടുവിൽ ഗവ. മെഡിക്കൽ കോളജിൽ കോവിഡ് പ്രതിരോധത്തിനായി 106 താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ തീരുമാനം. കഴിഞ്ഞ വർഷം കോവിഡ് ബ്രിഗേഡിൽ ജോലി ചെയ്തവരെയാണ് അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുക.
ഡോക്ടർ, സ്റ്റാഫ് നഴ്സ്, ക്ലീനിങ് സ്റ്റാഫ്, ഡേറ്റ എൻട്രി ഓപറേറ്റർ (ഡി.ഇ.ഒ) തസ്തികകളിലാണ് നിയമനം. കോവിഡ് മൂന്നാം തരംഗം തീവ്രമാകുമ്പോൾ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മെഡിക്കൽ കോളജിന്റെയും ജില്ല കോവിഡ് ആശുപത്രിയുടെയും പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ശുചീകരണ തൊഴിലാളികളും നഴ്സുമാരുമാണ് ഏറെ ബുദ്ധിമുട്ടിലായത്. പുതിയ നിയമനങ്ങൾ കുറച്ചെങ്കിലും ആശ്വാസമാവുമെന്നാണ് ഇവരുടെ പ്രതീക്ഷ.
ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ മെഡിക്കൽ കോളജിലെ 140ഓളം ആരോഗ്യപ്രവർത്തകരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2021 ഏപ്രിലിലാണ് ജില്ല ഭരണകൂടം പി.എം.എസ്.എസ്.വൈ ഏറ്റെടുത്ത് ജില്ല കോവിഡ് ആശുപത്രിയാക്കിയത്. 10 മെഡിക്കൽ ഓഫിസർമാരും 140 സ്റ്റാഫ് നഴ്സുമാരും ഉൾപ്പെടെ 639 ജീവനക്കാരെയാണ് ഇവിടേക്ക് നിയമിച്ചത്. കോവിഡ് വ്യാപനം കുറഞ്ഞതോടെ ഒക്ടോബറിൽ എല്ലാവരെയും പിരിച്ചുവിട്ടു. തുടർന്ന് ആരെയും നിയമിച്ചതുമില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.
തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ കോവിഡ് ബ്രിഗേഡ് ജീവനക്കാർ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഏഴു വാർഡിലും മൂന്ന് ഐ.സി.യുവിലുമായി 200ഓളം രോഗികളാണുള്ളത്. ഗുരുതര സാഹചര്യം മുന്നിൽകണ്ട് 18 രോഗികളെ കിടത്താവുന്ന മറ്റൊരു ഐ.സി.യുവും ആശുപത്രിയിൽ സജ്ജമാക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് പ്രതിസന്ധിയാവുകയായിരുന്നു. ഇതിനിടെ മെഡിക്കൽ കോളജിൽ പുതുതായി നിയമിച്ച 70 നോൺ അക്കാദമിക് ജൂനിയർ റെസിഡന്റ് ഡോക്ടർമാരിൽ 15 പേർ രാജിവെച്ചിരുന്നു.
ഇവരെ കോവിഡ് ആശുപത്രിയിലേക്കു മാറ്റിയതിനാലാണ് രാജിവെച്ചതെന്നാണ് വിവരം. എൻ.എച്ച്.എം മുഖേന ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ നിയമിച്ച 24 സ്റ്റാഫ് നഴ്സുമാരെ മെഡിക്കൽ കോളജിലേക്ക് കഴിഞ്ഞ ദിവസം ജോലിക്കായി മാറ്റിയിരുന്നു. ഇവരിൽ ചിലർ ജോലിക്കെത്തിയില്ലെന്നാണ് അറിയുന്നത്. 250 ജീവനക്കാരെ വേണമെന്നാവശ്യപ്പെട്ട് കോളജ് പ്രിൻസിപ്പൽ വി.ആർ. രാജേന്ദ്രൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർക്കും നേരത്തേ കത്ത് നൽകിയിരുന്നു.
അഭിമുഖം നാളെ
തിങ്കളാഴ്ച രാവിലെ 11ന് ലെക്ചറർ തിയറ്റർ കോംപ്ലക്സിലാണ് അഭിമുഖം. 20 ഡോക്ടർമാർ, 40 നഴ്സുമാർ, 40 ശുചീകരണ തൊഴിലാളികൾ, ആറ് ഡി.ഇ.ഒ എന്നിവരുടെ ഒഴിവുകളാണുള്ളത്. യോഗ്യത സർട്ടിഫിക്കറ്റുകളും മുമ്പ് കോവിഡ് ഡ്യൂട്ടി എടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖയും ഹാജരാക്കണം. മാർച്ച് 31 വരെ രണ്ടു മാസമാണ് നിയമനത്തിന്റെ കാലാവധി. ജില്ലയിൽ മൊത്തം 307 താൽക്കാലിക ആരോഗ്യപ്രവർത്തകരെയും നിയമിക്കുന്നുണ്ട്. ഗവ. മെഡിക്കൽ കോളജ്, ജില്ല കോവിഡ് ആശുപത്രി, ബീച്ച് ആശുപത്രി, സെക്കൻഡ് ലൈൻ കോവിഡ് സെന്റർ എന്നിവിടങ്ങളിലേക്കാണ് നിയമനം. എന്നാൽ, ഈ ഒഴിവുകളിലേക്കുള്ള അഭിമുഖം ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.