മെഡി. കോളജ്: തൈറോയിഡ് അർബുദ മരുന്നിന്റെ ഇൻഷൂറൻസ് നിർത്തി; രോഗികൾ ദുരിതത്തിൽ
text_fieldsകോഴിക്കോട്: തൈറോയിഡ് അർബുദ ചികിത്സക്കുള്ള മരുന്നിന് ഇൻഷൂറൻസ് ആനുകൂല്യം നിർത്തിയതോടെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾ ദുരിതത്തിലായി. മൂന്നാഴ്ച മുമ്പ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി(കാസ്പ്)യിൽനിന്നുള്ള ഇ-മെയിൽ സന്ദേശത്തിലാണ് ഇൻഷൂറൻസ് ആനുകൂല്യം നിർത്തിവെച്ചതായി അറിയിപ്പ് വന്നത്.
തൈറോയിഡ് അർബുദത്തിനുള്ള ചികിത്സയായ റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പിക്കുള്ള മരുന്ന്, ഇൻഷൂറൻസുള്ളവർക്ക് പൂർണമായി സൗജന്യമായിരുന്നു. 40000 രൂപവരെ ഈ മരുന്നിന് വില വരും. കാസ്പിലൂടെ നൽകിയിരുന്ന ഇൻഷൂറൻസ് ആനുകൂല്യം ഇല്ലാതായതോടെ വലിയ വില കൊടുത്ത് മരുന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികൾ. 700ൽ അധികം സാധാരണക്കാരായ രോഗികളാണ് മരുന്നിനായി കാത്തിരിക്കുന്നത്.
സ്വകാര്യ ആശുപത്രികളിൽ ഇതേ മരുന്നിന് ഒരു ലക്ഷത്തിലധികം രൂപ വിലയുണ്ട്. മുബൈ ബാബ അറ്റോമിക് സെന്ററിൽനിന്നാണ് മരുന്ന് എത്തുന്നത്. രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന (ആർ.എസ്.ബി.വൈ) ഇൻഷൂറൻസ് പദ്ധതി, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിലേക്ക് മാറിയതോടെയാണ് പല ജീവൻരക്ഷ മരുന്നുകൾക്കും ഇൻഷൂറൻസ് നഷ്ടമായതെന്നാണ് രോഗികളുടെ ആക്ഷേപം.
വില്ലനായത് സാങ്കേതിക നൂലാമാലകൾ
വിവിധ മരുന്നുകൾ ഉൾപ്പെടുന്ന 1675 പാക്കേജുകൾക്കാണ് കാസ്പ് പണം കൊടുക്കുന്നത്. ഇതിന് പുറമെ അൺസ്പെസിഫൈഡ് പാക്കേജ് എന്ന വിഭാഗവും ഉണ്ട്. സർജിക്കൽ ഉപകരണങ്ങളാണ് അൺസ്പെസിഫൈഡ് പാക്കേജിൽ ഉള്ളത്. ഇതിൽ മരുന്നുകൾ ഉൾപ്പെടുത്താൻ കഴിയില്ല.
എന്നാൽ, ഈ അൺസ്പെസിഫൈഡ് പാക്കേജിലാണ് റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പിക്കുള്ള മരുന്ന് മെഡിക്കൽ കോളജ് ആശുപത്രി ഉൾപ്പെടുത്തിയത്. നിലവിലെ 1675 പാക്കേജുകളിൽ ഈ മരുന്ന് ഇല്ലാത്തതിനാലാണ് ആശുപത്രി അധികൃതർ ഇങ്ങനെ ചെയ്തത്. ആദ്യ കാലങ്ങളിൽ അൺസ്പെസിഫൈഡ് പാക്കേജിലായിരുന്നെങ്കിലും മരുന്നിന് പണം നൽകിയിരുന്നു. എന്നാൽ, കാസ്പിൽ കർശന പരിശോധനകൾ വന്നതോടെ ഈ കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന്, ആശുപത്രി അധികൃതരോട് അൺസ്പെസിഫൈഡ് പാക്കേജിൽ ഈ മരുന്ന് ഉൾപ്പെടുത്താൻ കഴിയില്ലെന്ന് അറിയിച്ചു. സർക്കാർ ആശുപത്രികളിൽ മരുന്നുകൾ വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവിസ് കോർപറേഷ(കെ.എം.എസ്.സി) നിലൂടെ റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പിക്കുള്ള മരുന്ന് സബ്സിഡിയോടെ നൽകാമെന്ന പരിഹാര നിർദേശം വന്നെങ്കിലും കെ.എം.എസ്.സിയുടെ പട്ടികയിൽ ഈ മരുന്ന് ഇല്ലാത്തത് വീണ്ടും പ്രതിസന്ധിയായി. ഇതോടെ, കാസ്പിൽനിന്ന് പൂർണമായി റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പിക്കുള്ള മരുന്ന് ആശുപത്രി ബ്ലോക്ക് ചെയ്തു.
പ്രശ്ന പരിഹാരം ഉടൻ...
'വിഷയത്തിന്റെ ഗൗരവം ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. കെ.എം.എസ്.സിയുടെ ഡ്രഗ് ലിസ്റ്റിൽ ഈ മരുന്ന് ഇല്ലാത്തതാണ് ആനുകൂല്യം അനുവദിക്കുന്നതിന് തടസ്സമാകുന്നത്. നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് വിദഗ്ധ അഭിപ്രായം തേടുന്നുണ്ട്. സാധാരണക്കാർക്ക് ഇൻഷൂറൻസ് ഇല്ലാതെ മുന്നോട്ടു കൊണ്ടുപോവാനാവില്ല. ഒരു കാരണവശാലും ചികിത്സ മുടങ്ങുന്ന സ്ഥിതി ഉണ്ടാവില്ല. ആശുപത്രി സൂപ്രണ്ടുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഒരാഴ്ചക്കുള്ളിൽ പ്രശ്നത്തിന് പരിഹാരം കാണും'.
ഇ. ബിജോയ് (കാസ്പ് സംസ്ഥാന ജോ. ഡയറക്ടർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.