മെഡിക്കൽ കോളജിലെ ടോക്കണുകൾ ഏജന്റുമാർ ഹൈജാക് ചെയ്യുന്നതായി ആക്ഷേപം
text_fieldsകൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിൽ ന്യൂറോ വിഭാഗം ഡോക്ടർമാരെ കാണാനുളള ടോക്കണുകൾ ഏജന്റുമാർ ഹൈജാക്ക് ചെയ്യുന്നു. വിദഗ്ധ ഡോക്ടർമാരുടെ സേവനത്തിന് പേരുകേട്ട ആശുപത്രിയിൽ ജില്ലയുടെ വിവിധ കോണുകളിൽ നിന്നും സാധാരണക്കാർ എത്തുന്നത് തിരിച്ചറിഞ്ഞതോടെയാണ് ഏജന്റുമാർ കച്ചവട തന്ത്രങ്ങളുമായി എത്തിയത്.
ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ന്യൂറോ വിഭാഗം ഡോക്ടറെ കാണാനുള്ള തിരക്ക്. നിലവിൽ ഒരു ദിവസം 60 ടോക്കൺ മാത്രമേ നൽകൂ. ഇതിനായി രാവിലെ നാലര മുതൽ രോഗികളും ബന്ധുക്കളും എത്തുമെങ്കിലും ഏജന്റുമാരുടെ ഇടപെടൽ മൂലം പലർക്കും ടോൺ ലഭിക്കാതെ നിരാശരാകേണ്ട അവസ്ഥയാണ്. തലേദിവസം രാത്രി തന്നെ ചില ഏജന്റുമാർ ഇവിടെയെത്തി കടലാസിൽ പേരെഴുതി നിരനിരയായി വെക്കുകയാണ്. ഈ ക്യൂവിന്റെ അടിസ്ഥാനത്തിലാണ് ടോക്കൺ വിതരണം ചെയ്യുന്നത്.
ഈ ടോക്കണുകൾ പിന്നീട് ഏജന്റുമാർ മറിച്ചുവിൽപന നടത്തുകയാണെന്നാണ് ആക്ഷേപം. ഒരു രോഗിയിൽ നിന്ന് 500 രൂപ വരെ ഈടാക്കുന്നുമുണ്ട്. ഇതോടെ ദൂര സ്ഥലങ്ങളിൽ നിന്ന് ഡോക്ടറെ കാണാനെത്തുന്നവർ ഏജന്റുമാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ചില ജീവനക്കാരും ഇതിനായി ഏജന്റുമാരെ സഹായിച്ച് വിഹിതം പറ്റുന്നുണ്ടെന്നും ആരോപണമുണ്ട്.
രാവിലെ ഏഴ് മുതലാണ് ടോക്കൺ നൽകുന്നതെങ്കിലും രാവിലെ നാലരക്ക് എത്തുന്നവർക്ക് പോലും ക്യൂവിൽ നിരയായി പേരെഴുതിയ കടലാസ് ഒട്ടിച്ചത് കണ്ട് മടങ്ങേണ്ട ഗതികേടാണ്. ഇതുസംബന്ധിച്ച് ചില രോഗികൾ ജീവനക്കാരോട് പരാതി പറഞ്ഞപ്പോൾ ഇവിടെ ഇങ്ങനെയൊക്കയാണെന്ന തണുപ്പൻ മറുപടിയാണ് ലഭിച്ചത്. ഏജന്റുമാർ ടോക്കൺ രംഗം കയ്യടക്കിയതോടെ രോഗികളുടെ ബന്ധുക്കളും ഏജന്റുമാരും വാക്ക്തർക്കത്തിലേർപ്പെടുന്നതും പതിവാണ്. സാധാരണക്കാരെ സാരമായി ബാധിക്കുന്ന ഈ നടപടിക്കെതിരെ പ്രതിഷേധമുയർത്താനാണ് രോഗികളുടെ ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.