മെഡിക്കൽ കോളജ് മാലിന്യ സംസ്കരണം താളം തെറ്റുന്നു; ഇഴഞ്ഞ് ഇൻസിനറേറ്റർ അറ്റകുറ്റപ്പണി
text_fieldsകോഴിക്കോട്: പണിമുടക്കി രണ്ടുമാസം പിന്നിട്ടിട്ടും ഇൻസിനറേറ്റർ പ്രവർത്തനക്ഷമമാകാത്തതോടെ മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണം പ്രതിസന്ധിയിൽ. ഐ.ഡി പാൻ കേടായതോടെയാണ് ഇൻസിനറേറ്റർ പ്രവർത്തനം നിലച്ചത്. ഇൻസിനറേറ്റർ സ്ഥാപിച്ച പരിശുദ്ധിന്റെ കേരളത്തിലെ ഏജൻസിയായ ഇ.സി സൊലൂഷനുമായി ഇതിന്റെ അറ്റകുറ്റപ്പണിക്ക് ധാരണയിൽ എത്തിയെങ്കിലും പ്രവൃത്തി തുടങ്ങിയിട്ടില്ല.
സമീപത്തെ ഹോസ്റ്റലുകൾക്കും ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾക്കും പുക കാരണം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ഇൻസിനേറ്ററിന്റെ പുകക്കുഴൽ ഉയർത്തി അറ്റകുറ്റപ്പണി നടത്തുന്നതിന് കരാറിൽ എത്തിയിട്ട് രണ്ടാഴ്ച പിന്നിട്ടു. വിഷയം നേരത്തേ വാർത്തയാവുകയും മനുഷ്യാവകാശ കമീഷൻ ഇടപെടുകയും ചെയ്തിട്ടും പ്രശ്നപരിഹാരത്തിന് ഊർജിത നടപടിയുണ്ടാവുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ഇൻസിനറേറ്റർ കേടായതോടെ മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണം പൂർണമായി നിലച്ചിരിക്കുകയാണ്. ഇതോടെ മെഡിക്കൽ കോളജ് സീറോ വേസ്റ്റ് പദ്ധതിതന്നെ താളംതെറ്റി. ആരോഗ്യ വകുപ്പിൽനിന്ന് ഫണ്ട് അനുവദിക്കുന്നതിന് കാലതാമസം നേരിടുമെന്നായതോടെ ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽനിന്ന് പണമെടുത്താണ് ഇൻസിനറേറ്റർ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രവർത്തിച്ചുതുടങ്ങിയാലും മാലിന്യ പ്രതിസന്ധി പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ല. ദിനംപ്രതി 3000 കിലോ പ്ലാസ്റ്റിക് മാലിന്യം ഉൽപാദിപ്പിക്കപ്പെടുന്ന മെഡിക്കൽ കോളജിലെ പ്ലാന്റിന് 1500 കിലോ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയേ ഉള്ളൂ. ഇതിന് പുറമെയാണ് നിലവിൽ രണ്ടു മാസമായുള്ള മാലിന്യം കുന്നുകൂടിക്കിടക്കുന്നത്.
കാമ്പസിലെ മറ്റൊരു ഇൻസിനറേറ്റർ എട്ടു മാസം മുമ്പ് പണിമുടക്കിയിരുന്നു. പ്രശ്നത്തിന് പരിഹാരമായി പുതിയ ഇൻസിനറേറ്റർ ഉടൻ സ്ഥാപിക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല. ദിനംപ്രതി ഇന്സിനറേറ്ററിനു മുന്നില് മാലിന്യച്ചാക്കുകള് കുന്നുകൂടുകയാണ്. മാത്രമല്ല, ഇത് അഴുകി പുറത്തേക്ക് ഒലിച്ച് ദുർഗന്ധം വമിക്കുകയും പരിസരത്ത് കൊതുകു വളർത്തു കേന്ദ്രമാകുകയും ചെയ്തു. ഇതേത്തുടർന്ന് ദിനേന ആയിരക്കണക്കിന് പേർ എത്തുന്ന മെഡിക്കൽ കോളജിൽ പകർച്ചവ്യാധി ഭീഷണിയുമുണ്ട്.
ഇതിനിടെ, പഴയ അത്യാഹിത വിഭാഗത്തിന് സമീപം കെട്ടിക്കിടന്ന ഇൻജക്ഷൻ സൂചി അടക്കമുള്ള മാലിന്യം കയറ്റിക്കൊണ്ടുപോകാൻ നടപടിയാകാത്തതിനാൽ മെഡിക്കൽ കോളജിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.