മെഡി. കോളജ് മാലിന്യ പ്ലാന്റ് നവീകരണം ഈ വർഷം പൂർത്തിയാക്കും
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് കാമ്പസിനകത്തുനിന്ന് വിയോജിപ്പുകൾ ഉയരുന്നുണ്ടെങ്കിലും കാമ്പസിലെ ശുചിമുറി മാലിന്യ സംസ്കരണ പദ്ധതിയുമായി കോർപറേഷൻ മുന്നോട്ട്.കോർപറേഷൻ അമൃത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളജിൽ സ്ഥാപിച്ച ശുചിമുറി മാലിന്യ സംസ്കരണ (എസ്.ടി.പി) പ്ലാന്റ് നവീകരണം ഈ വർഷം ഡിസംബർ 31നകം പൂർത്തീകരിക്കാനാണ് നീക്കം.
ഇതു സംബന്ധിച്ച അജണ്ടകളിൽ ബുധനാഴ്ച നടക്കുന്ന കോർപറേഷൻ കൗൺസിൽ അടിയന്തര തീരുമാമെടുക്കും. അമൃത് ഒന്ന് പദ്ധതിയുടെ എല്ലാ പ്രവൃത്തികളും ഈ വർഷം ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കേണ്ടതിനാലാണ് അടിയന്തരമായി നവീകരണം പൂർത്തിയാക്കുന്നത്. എസ്.ടി.പി പ്ലാന്റിലേക്ക് മോട്ടർ ഘടിപ്പിക്കുന്നതിനും വൈദ്യുതീകരണത്തിനും അധികമായി വരുന്ന 27,58,008 രൂപ അനുവദിക്കുന്നതിന് കോർപറേഷൻ തത്ത്വത്തിൽ അനുമതിയായിട്ടുണ്ട്.
ഇത് കൗൺസിലിന്റെ പരിഗണനയിലാണ്. പൊലൂഷൻ കൺട്രോൾ ബോഡിന്റെ നിർദേശപ്രകാരം മെഡിക്കൽ കോളജിലെ എസ്.ടി.പികൾക്ക് ഓൺലൈൻ കണ്ടിന്യുസ് എഫ്ലുവന്റ് മോണിറ്ററിങ് സിസ്റ്റം സ്ഥാപിക്കാൻ നിർദേശിച്ചിരുന്നു. ഇത് അമൃത് ഒന്ന് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കാനും തീരുമാനിച്ചിരുന്നു. ഇതും അടിയന്തര പ്രാധാന്യത്തോടെ ഡിസംബറിന് മുമ്പ് പൂർത്തീകരിക്കും.
പദ്ധതിയിലേക്കായി മൊബൈൽ സെപ്റ്റേഡ് യൂനിറ്റ് വാങ്ങുന്നതിനു പകരം സെപ്റ്റേജ് സക്കർ മെഷീനുകൾ വാങ്ങാനും തീരുമാനമെടുത്തിരുന്നു. ഇത് നിലവിൽ ടെൻഡർ ചെയ്തിട്ടുള്ള അമൃത് ഒന്ന് പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങുന്നതിനുള്ള അനുമതിക്കായി അമൃത് ടെക്നിക്കൽ കമ്മിറ്റിക്ക് സമർപ്പിക്കാനും തീരുമാനമായിട്ടുണ്ട്. പദ്ധതി സ്ഥലത്ത് സി.സി.ടി.വി സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നതും യോഗം ഇന്ന് പരിഗണിക്കും. എസ്.ടി.പി പദ്ധതിയുടെ ഇലക്ട്രിക്കൽ പ്രവൃത്തിയുടെ കാലാവധി ദീർഘിപ്പിക്കുന്നതും കൗൺസിൽ ബുധനാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.