മെഡി. കോളജ് അത്യാഹിത വിഭാഗത്തിലെ ദുരിതത്തിന് വിരാമം; അത്യാധുനിക എക്സ്റേ യൂനിറ്റ് തുറന്നു
text_fieldsകോഴിക്കോട്: രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതത്തിന് പരിഹാരമായി കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള രണ്ടാമത്തെ എക്സറേയും പ്രവർത്തനമാരംഭിച്ചു. പി.എം.എസ്.എസ്.വൈ. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ആദ്യത്തെ എക്സറേ യൂനിറ്റിന് സമീപത്തായാണ് പുതിയ ഡിജിറ്റൽ എക്സ്റേ യൂനിറ്റ് ആരംഭിച്ചത്.
പണിമുടക്കിയ പഴയ എക്സ്റേ യൂനിറ്റും അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കി. രണ്ടു യൂനിറ്റും സജ്ജമായതോടെ എക്സ്റേ എടുക്കാൻ ഇനി രോഗികളോ ട്രോളിയിലും വീൽച്ചറിയലുമായി ആകാശ പാതയിലൂടെ ജനറൽ ആശുപത്രിയിൽ എത്തിക്കേണ്ട സാഹചര്യം ഉണ്ടാവില്ലെന്ന് ആശ്വാസത്തിലാണ് രോഗകിൾ. ചികിത്സയിലെ കാലതാമസം ഒഴിവാക്കാനും ഇതു സഹായിക്കും.
ഒന്നാമത്തെ എക്സ്റേ യൂനിറ്റ് നിരന്തരം പണിമുടക്കുന്നതും രണ്ടാമത്തെ യൂനിറ്റ് തുറക്കാൻ വൈകുന്നതും ഏറെ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തിരുന്നു.
വേഗം കൂടും
രോഗിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ മിനിറ്റുകൾക്കകം എക്സ്റേ എടുക്കാൻ കഴിയുന്ന അത്യാധുനിക നിലവാരത്തിലുള്ള ഡയനാമിക് ഡിജിറ്റൽ റേഡിയോഗ്രാഫി (ഡി.ഡി.ആർ) മെഷീനാണ് രണ്ടാമത്തെ യൂനിറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡോക്ടർമാർക്ക് മിനിറ്റുകൾക്കുള്ളിൽ എക്സ്റേ ദൃശ്യങ്ങൾ മോണിറ്ററിൽ കാണാൻ സാധിക്കും. ഇത് അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്ക് വളരെ പെട്ടെന്ന് ചികിത്സ ലഭ്യമാക്കാൻ ഉപകരിക്കും. എന്നാൽ, അത്യാഹിത വിഭാഗത്തിൽ ഇപ്പോൾ പ്രിന്റ് എടുത്ത് നൽകുകയാണ് ചെയ്യുന്നത്. ആറുമാസത്തേക്കുള്ള ഫിലിം ലഭിച്ചതായി അധികൃതർ അറിയിച്ചു. രണ്ടു കോടിയോളം രൂപ ചെലവിലാണ് എച്ച്.എൽ.എൽ ഇൻഫ്രാടെക് സർവിസസ് ലിമിറ്റഡാണ് (ഹൈറ്റ്സ്) ഡി.ഡി.ആർ എക്സ്റേ ലാബ് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.