ചികിത്സ ഇൻഷുറൻസ്; സർക്കാർ നൽകാനുള്ളത് 225 കോടി
text_fieldsകോഴിക്കോട്: വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ചികിത്സ ലഭ്യമാക്കിയ ഇനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്ക് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽനിന്ന് ലഭിക്കാനുള്ളത് 225 കോടി. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, കാരുണ്യ ബെനവലന്റ് ഫണ്ട്, ആരോഗ്യ കിരണം തുടങ്ങിയ പദ്ധതികളിൽ ചികിത്സ ലഭ്യമാക്കിയ ഇനത്തിലാണ് ഇത്രയും പണം ലഭിക്കാനുള്ളത്.
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മാത്രം 159 കോടി ലഭിക്കാനുണ്ട്. ഫണ്ട് ലഭിക്കാത്തത് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. മരുന്ന് വിതരണക്കാർക്കുള്ള പണം, ജീവനക്കാരുടെ ശമ്പളം, മറ്റ് വികസന പ്രവർത്തനങ്ങൾ എന്നിവ ഫണ്ട് ലഭിക്കാത്തത് കാരണം മുടങ്ങി.
ന്യായവില മെഡിക്കൽ സ്റ്റോറുകളിലേക്ക് മരുന്ന്, സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്കുള്ള കുടിശ്ശിക 80 കോടി പിന്നിട്ടു. 2024 ഏപ്രിൽ മുതൽ പണം അനുവദിച്ചിട്ടില്ല. ഇതോടെ 10 മുതൽ വിതരണം നിർത്തിവെക്കുമെന്ന് കാണിച്ച് ആശുപത്രി അധികൃതർക്കും മന്ത്രിമാർക്കും നോട്ടീസ് നൽകിയിരിക്കുകയാണ് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ.
ആരോഗ്യ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, കലക്ടർ സ്നേഹിൽകുമാർ സിങ്, മന്ത്രിമാരായ വീണ ജോർജ്, പി.എ. മുഹമ്മദ് റിയാസ്, സ്ഥലം എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. രാഘവൻ എം.പി എന്നിവർക്ക് കഴിഞ്ഞ ശനിയാഴ്ച അസോസിയേഷൻ കത്ത് നൽകിയിരുന്നു.
പരിഹരിക്കാം, ഇടപെടാം എന്ന മറുപടി ലഭിച്ചു എന്നല്ലാതെ ഇടപെടലൊന്നും ഉണ്ടായിട്ടില്ലെന്ന് വിതരണക്കാർ അറിയിച്ചു. സർക്കാറിൽനിന്ന് ഫണ്ട് ലഭിക്കാത്തതുമൂലം ജീവനക്കാരുടെ ശമ്പളം അടക്കം മുടങ്ങിയ സാഹചര്യത്തിൽ ആശുപത്രി വികസന സമിതി കൂടുതൽ ഫണ്ട് കണ്ടെത്തുന്നതിനായി ഒ.പി ടിക്കറ്റിന് ഫീസ് ഈടാക്കിയിരിക്കുകയാണ്.
ജി.എസ്.ടി അടക്കാൻ പോലും ലോണെടുക്കണം– വിതരണക്കാർ
മൂന്നു മാസത്തിനകം കുടിശ്ശിക നൽകുമെന്നാണ് മരുന്ന്-സർജിക്കൽ ഉപകരണ വിതരണക്കാരും ആശുപത്രി വികസന സമിതിയും തമ്മിലുള്ള കരാർ. എന്നാൽ, ഒമ്പതു മാസത്തിലധികമായി പണം കുടിശ്ശികയാണ്. ലോണെടുത്താണ് വിതരണക്കാർ മരുന്നും ഉപകരണവും നൽകുന്നത്. കുടിശ്ശിക കുന്നുകൂടുന്നതുമൂലം ലോൺ അടവ് അടക്കം മുടങ്ങി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തങ്ങളെന്ന് വിതരണക്കാർ പറഞ്ഞു.
മരുന്നിന് കമ്പനികൾക്ക് പണം നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ചെറുകിട വിതരണക്കാരെന്നും അസോസിയേഷൻ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ, സിറിയക് മാത്യു, സത്താർ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കുടിശ്ശിക ലഭിക്കുന്നില്ലെങ്കിലും ജി.എസ്.ടി കൃത്യമായി അടക്കണം. 90 ശതമാനം മരുന്നുകൾക്കും 12 ശതമാനമാണ് ജി.എസ്.ടി. ഇതടക്കാൻ തന്നെ ലോണെടുക്കേണ്ട അവസ്ഥയിലാണെന്നും മരുന്ന് വിതരണക്കാർ പറയുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ കുടിശ്ശികയെത്തുടർന്ന് കമ്പനികൾ മരുന്ന്, ഉപകരണ വിതരണം നിർത്തിവെച്ചത് മരുന്ന് ക്ഷാമത്തിനും സർജറികൾ മുടങ്ങാനും ഇടയാക്കിയിരുന്നു. മാത്രമല്ല, ആശുപത്രി വികസന സമിതി നടത്തുന്ന ന്യായവില മെഡിക്കൽ ഷോപ് അടച്ചിടുന്നതുവരെ കാര്യങ്ങൾ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.