തുടർ പഠനത്തിന്റെ ആശങ്കകൾ പങ്കുവെച്ച് യുക്രെയ്നിൽനിന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾ
text_fieldsതാമരശ്ശേരി: യുദ്ധത്തെ തുടർന്ന് യുക്രെയ്നിൽനിന്നു മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് പങ്കുവെയ്ക്കാനുള്ളത് തുടർവിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കകൾ. താമരശ്ശേരിയിലെ മാധ്യമ കൂട്ടായ്മ സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മെഡിക്കൽ വിദ്യാർഥികൾ. യുക്രെയ്നിൽ യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ തുടർ പഠനത്തിന് നാട്ടിൽ സൗകര്യമൊരുക്കാൻ സർക്കാറുകൾ ശ്രമിക്കണമെന്ന് സപോറേഷ്യ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ എം.ബി.ബി.എസ്. നാലാം സെമസ്റ്റർ വിദ്യാർഥിയായ കുടുക്കിലുമ്മാരം സ്വദേശി സൽമാൻ ഫാരിസ് പറഞ്ഞു. യുദ്ധം രൂക്ഷമായതോടെയാണ് ഇന്ത്യൻ എംബസി കാര്യക്ഷമമായി ഇടപെട്ടതെന്നും ഹംഗറി ബോർഡറിൽ എത്തിയ ശേഷമാണ് എംബസി അധികൃതരുടെ സേവനം തങ്ങൾക്ക് ലഭ്യമായതെന്നും ഫാരിസ് പറഞ്ഞു.
യുദ്ധഭീതിയിലൂടെ നാട്ടിലെത്തിയത് വലിയ ആശങ്കയിലും ശ്രമത്തിലുമായിരുന്നെന്ന് ബോഗോമൊലെറ്റ്സ് യൂനിവേഴ്സിറ്റിയിലെ എം.ബി.ബി.എസ് ഒന്നാം സെമസ്റ്റർ വിദ്യാർഥിയായ വാവാട് സ്വദേശി മുഹമ്മദ് മിൻഹാജ് പറഞ്ഞു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് യുക്രെയ്നിൽ ഒരു പരിഗണനയും ഇല്ലായിരുന്നു. നാട്ടിലെത്തിയെങ്കിലും തുടർപഠനം സംബന്ധിച്ച് അശങ്കയിലാണെന്നും മുഹമ്മദ് മിൻഹാജ്.
ഓൺലൈനായി പoനം തുടരാമെന്ന് യൂനിവേഴ്സിറ്റി അറിയിച്ചെങ്കിലും എം.ബി.ബി.എസ് കോഴ്സിന്റെ പ്രാക്ടിക്കൽ ഉൾപ്പെടെയുള്ളവ എങ്ങനെ നടത്തുമെന്ന് ആശങ്കയുണ്ടെന്ന് സപോറേഷ്യ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ എം.ബി.ബി.എസ്.ഒന്നാം സെമസ്റ്റർ വിദ്യാർഥിയായ വാവാട് സ്വദേശി ആഷിഖ് സലാഹ് പറഞ്ഞു.
മൂന്ന് മാസം മുമ്പാണ് യുക്രെയ്നിൽ എത്തിയതെന്നും അപ്പോഴേക്കും യുദ്ധം പൊട്ടി പുറപ്പെട്ടതോടെ അവിടെനിന്ന് നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടായതായും സപോറേഷ്യ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ എം.ബി.ബി.എസ് ഒന്നാം സെമസ്റ്റർ വിദ്യാർഥിയായ
കത്തറമ്മൽ സ്വദേശിനി ഫാത്തിമ നിയാ പറഞ്ഞു. സർക്കാർ ഇടപെട്ട് തുടർ പഠനത്തിനുള്ള സാഹചര്യമൊരുക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.