150ന്‍റെ നിറവിൽ മലബാറിന്‍റെ മാനസികാരോഗ്യകേന്ദ്രം
text_fieldsകോഴിക്കോട്: 1872ൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച് അന്ന് ഭ്രാന്തൻ ജയിലെന്ന് അറിയപ്പെട്ടിരുന്ന കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം ഇന്ന് 20 ഏക്കറിൽ നിരവധി കെട്ടിടസമുച്ചയങ്ങളുമായി 150ാം വയസ്സിലേക്ക് പ്രവേശിക്കുമ്പോഴും മതിയായ മുൻഗണനയും കരുതലും കിട്ടുന്നില്ലെന്ന് പരാതി.
നവംബറിൽ 150ാം വാർഷികാഘോഷവും അടുത്തമാസം 10ന് വീണ്ടും മാനസികാരോഗ്യ ദിനവും കൊണ്ടാടാനിരിക്കെ നഗരവാസികളിൽനിന്ന് കൂടുതൽ മികച്ച പിന്തുണയും കരുതലും പ്രതീക്ഷിക്കുന്നുണ്ട് ആശുപത്രിയിലെ അന്തേവാസികൾ.
ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന 426 പേരിൽ 84 പേരും മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരാണെന്നത് ഈ ആവശ്യത്തിന് കരുത്തേകുന്നു. മാനസികാരോഗ്യം വീണ്ടെടുത്തവരടക്കം 69 പേർ ഇപ്പോഴും ഊരും പേരുമറിയാതെ അജ്ഞാതരായി കഴിയുന്നു.
53 കൊല്ലം മുമ്പ് 1969ൽ ആശുപത്രിയിലെത്തിയയാളടക്കം ഇവിടെ വർഷങ്ങളായി കഴിയുന്നവരിൽപെടുന്നു. മാനസിക പ്രശ്നങ്ങൾ കാരണം ഊരും പേരും മറന്നവരും വീട്ടുകാർ തിരികെ കൊണ്ടുപോകാൻ മടിക്കുന്നവരുമെല്ലാം ഇവരിലുണ്ട്.
അന്തേവാസികൾക്ക് ദിവസം ആറുനേരം ഭക്ഷണം നൽകുന്നുണ്ട്. എങ്കിലും, ആശുപത്രിയിൽ അപൂർവമായി സുമനസ്സുകൾ ഭക്ഷണം സ്പോൺസർ ചെയ്യുന്ന ദിവസങ്ങളിൽ അന്തേവാസികൾക്ക് സ്ഥിരം ഭക്ഷണങ്ങളിൽനിന്ന് മോചനമുണ്ടാവുന്നു.
കല്യാണം, വിവാഹവാർഷികം, ജന്മദിനം തുടങ്ങി വിശേഷ ദിവസങ്ങളിൽ ആശുപത്രിയിലേക്ക് ഭക്ഷണം നൽകുന്നവരുണ്ട്. ഇതിന് കൂടുതൽ പ്രചാരം കിട്ടിയാൽ അന്തേവാസികൾക്ക് അതൊരു ആശ്വാസമാവും. ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പാക്കാൻ അന്നദാതാക്കൾ ഭക്ഷണം ആശുപത്രിയിൽതന്നെ പാചകം ചെയ്യണമെന്ന നിബന്ധനയുണ്ട്.
അസുഖം ഭേദമായിട്ടും ഉറ്റവരെ കാത്ത് അജ്ഞാതരായി കഴിയുന്നവർക്ക് ആശ്വാസമാവുന്നത് വിരലിലെണ്ണാവുന്ന സന്നദ്ധപ്രവർത്തകരുടെ സജീവ സാന്നിധ്യമാണ്. ബന്ധുക്കളെ കണ്ടെത്തി നാട്ടിലേക്ക് തിരിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾക്ക് പുറമെ കൂടുതൽ സന്നദ്ധ പ്രവർത്തകരുടെ സേവനവും ആശുപത്രിക്കാവശ്യമുണ്ട്.
ഇതിനകം 200ലേറെ പേരുടെ ബന്ധുകളെ കണ്ടെത്തിയ ശിവൻ കോട്ടൂളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചുപോക്കിന് മുഖ്യ സഹായികളായി പ്രവർത്തിക്കുന്നത്.
ഉറ്റവരെ തേടുന്ന ബന്ധുക്കളെ സഹായിക്കാൻ പുറമേനിന്നുള്ള കൂടുതൽ സഹായങ്ങളും ആശുപത്രി അധികൃതർ പ്രതീക്ഷിക്കുന്നു.
മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ വികസനത്തിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കി എല്ലാ പ്രവൃത്തികളും ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ തീരുമാനമായെങ്കിലും ഒന്നും കാര്യമായി നടന്നിട്ടില്ല. ആശുപത്രിവികസനത്തിന് ആദ്യഘട്ടമെന്നനിലയിൽ നേരത്തേ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി 100 കോടി സർക്കാർ അനുവദിച്ചിരുന്നു.
കോവിഡ് പോലുള്ള അത്യാവശ്യ ഘട്ടത്തിൽ അന്തേവാസികൾക്കുള്ള പ്രത്യേക ഐസൊലേഷൻ വാർഡിന്‍റെ പ്രവർത്തനം അവസാനഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.