കിണറ്റിൽ അകപ്പെട്ട ഝാർഖണ്ഡ് സ്വദേശിയെ രക്ഷിച്ചു
text_fieldsമേപ്പയൂർ: കൊഴുക്കല്ലൂരിൽ കിണറ്റിലകപ്പെട്ട ഝാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയെ പേരാമ്പ്ര അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കുനിയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം വടക്കെ മലയിൽ മോഹൻദാസിന്റെ പുതുതായി പണികഴിപ്പിച്ച വീടിനോട് ചേർന്നുള്ള 60 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് ഝാർഖണ്ഡ് സ്വദേശിയായ ഇബ്രാഹീം (32) അകപ്പെട്ടത്.
പടവുകളില്ലാത്തതും പാറയുള്ളതുമായ കിണർ വൃത്തിയാക്കി തിരികെ കയറില്‍ തൂങ്ങി കയറുന്നതിനിടയിൽ കയർപൊട്ടി താഴെ വീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പേരാമ്പ്ര അഗ്നിരക്ഷാസേനയിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ശ്രീകാന്ത് റെസ്ക്യു നെറ്റിൽ സുരക്ഷിതമായി പുറത്തെടുത്തു. പരിക്കേറ്റ ഇബ്രാഹീമിനെ സേനയുടെ ആംബുലൻസിൽ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു.
അസി. സ്റ്റേഷൻ ഓഫിസർ പി.സി. പ്രേമന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ വി.കെ. നൗഷാദ്, പി.ആർ. സത്യനാഥ്, കെ.പി. വിപിൻ, എം. മനോജ്, ഐ. ബിനീഷ് കുമാർ, ഇ.എം. പ്രശാന്ത്, കെ.പി. ബാലകൃഷ്ണൻ, പി.സി. അനീഷ് കുമാർ എന്നിവർ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.