ബസ് ഡ്രൈവറായി അനുഗ്രഹ
text_fieldsമേപ്പയ്യൂർ: പേരാമ്പ്ര-വടകര റൂട്ടില്‍ ഓടുന്ന നോവ ബസായിരുന്നു ഞായറാഴ്ച ഏവരും ശ്രദ്ധിച്ചത്. ഡ്രൈവർക്ക് ഇത്രയും മുടിയോ എന്ന് പലരും ആശ്ചര്യപ്പെട്ടു. വീണ്ടും നോക്കിയപ്പോഴാണ് മനസ്സിലായത് ബസ് ഓടിക്കുന്നത് ഒരു യുവതി ആണെന്ന്. 24കാരിയായ മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹയാണ് നല്ല തിരക്കുള്ള പേരാമ്പ്ര - വടകര റൂട്ടിൽ ബസിന്റെ വളയം പിടിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഹെവി ലൈസന്‍സ് കൈയില്‍ കിട്ടിയത്.
ബസ് ഓടിക്കണമെന്ന ആഗ്രഹത്തിന് അച്ഛന്റെയും മറ്റ് ബന്ധുക്കളുടെയും പിന്തുണ ലഭിച്ചു. പ്രവാസിയായ അച്ഛന് കഴിഞ്ഞ ആഴ്ച നാട്ടില്‍ എത്തിയതോടെ ഡ്രൈവർ സീറ്റിലിരിക്കാൻ പച്ചക്കൊടി കാണിക്കുകയായിരുന്നു. വിദേശത്ത് ജോലി നോക്കുന്ന അനുഗ്രഹ ജോലി ലഭിക്കുന്നതു വരെ ഡ്രൈവിങ് തുടരും. ഡ്രൈവറായുള്ള കന്നിയാത്രയിൽ മറ്റ് വാഹന ഡ്രൈവർമാരുടെയും യാത്രക്കാരുടെയും പ്രോത്സാഹനം ലഭിച്ചു.
ചുരുക്കം ചില ആളുകളില്‍ നിന്ന് തിക്താനുഭവമുണ്ടായതായും അനുഗ്രഹ പറഞ്ഞു. മേപ്പയ്യൂര്‍ എടത്തില്‍ മുക്ക് മുരളീധരന്-ചന്ദ്രിക ദമ്പതികളുടെ മകളാണ് ലോജിസ്റ്റിക്കില്‍ മാസ്റ്റര്‍ ബിരുദധാരിയായ അനുഗ്രഹ. അനുഗ്രഹ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ഹിമാചല്‍ പ്രദേശില്‍ അഡ്വഞ്ചറസ് ക്യാമ്പില്‍ പങ്കെടുത്തത് മുതല്‍ കൂട്ടായെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.