ടെറസിൽ ഡ്രാഗൺ ഫ്രൂട്ട് വിളവെടുത്തു
text_fieldsമേപ്പയ്യൂർ: വീടിന്‍റെ ടെറസിൽ ഏഴു മാസം കൊണ്ട് ഡ്രാഗൺ ഫ്രൂട്ട് വിളവെടുത്തിരിക്കുകയാണ് കീഴ്പ്പയ്യൂരിലെ ഫുർഖാൻ വീട്ടിൽ കെ. സിറാജ് മാസ്റ്ററും മക്കളായ ഉമറുൽ ഫാറൂഖ്, മർവ മർയവും ഈസാ ഹസനും. ഡ്രാഗൺ എന്ന വിദേശിയെ 'കീഴടക്കിയ' ആത്മ സംതൃപ്തിയാണ് ഈ പഴം നുകരുമ്പോൾ ഇവർക്കനുഭവപ്പെടുന്നത്.
മുക്കത്തെ നഴ്സറിയിൽ നിന്നാണ് ചെടികൾ വാങ്ങിച്ചത്. ഗ്രോബാഗിൽ നട്ട തൈക്ക് ചാണകപ്പൊടി, എല്ലുപൊടി, പച്ചില വളം തുടങ്ങിയവയാണ് ഉപയോഗിച്ചത്. ഉൾഭാഗം പിങ്ക് നിറമുള്ള ഇനമാണിവിടെ വിളയിച്ചത്. പ്രാദേശിക വിപണിയിൽ അത്ര പരിചിതമല്ലാതിരുന്ന ഡ്രാഗൺ ഫ്രൂട്ട് ഇപ്പോൾ പഴവിപണിയിലെ പ്രധാന താരമാണ്.
കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന ഈ സസ്യം ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. മെക്‌സിക്കോയും അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശമെങ്കിലും ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമാണ് വിപണിയിലെ പ്രധാന ഉത്പാദകര്‍. ഈ പഴത്തിന് ഡയബെറ്റിസ്, കൊളസ്‌ട്രോള്‍, സന്ധിവേദന, ആസ്തമ, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്.
വൈറ്റമിന്‍, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവയും പഴങ്ങളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിപണിയിൽ 250 രൂപക്ക് മുകളിൽ വിലയുണ്ട് ഈ പഴത്തിന്. ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ താല്പര്യമുള്ളവർക്ക് ചെടിയും കൃഷി രീതി പരിചയപ്പെടുത്താൻ സന്നദ്ധനാണെന്ന് സിറാജ് മാസ്റ്റർ അറിയിച്ചു. കൊയിലാണ്ടി കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂളിലെ അധ്യാപകനായ സിറാജ് രാഷ്ട്രീയ സാമൂഹിക പ്രവർത്തകൻ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.