മേപ്പയൂർ-കൊല്ലം റോഡ് വികസനം നീളുന്നു; യാത്രക്കാർ ദുരിതത്തിൽ
text_fieldsമേപ്പയൂർ: കൊല്ലം-നെല്യാടി-കീഴരിയൂർ-മേപ്പയൂർ റോഡ് വികസനം അനന്തമായി നീളുന്നതിൽ യാത്രക്കാർ ദുരിതത്തിൽ. 38.9 കോടിയുടെ വികസന പദ്ധതിക്ക് അനുമതിയായിട്ടും സ്ഥലം ഏറ്റെടുക്കാൻ കഴിയാത്തതാണ് റോഡ് വികസനത്തിന് പ്രധാന തടസ്സം.
9.59 കിലോമീറ്റർ ദൈർഘ്യമുള്ള കൊല്ലം-മേപ്പയൂർ റോഡ് 10 മീറ്റർ വീതിയിലാണ് വികസിപ്പിക്കാൻ പദ്ധതി തയാറാക്കിയത്. 2016ൽ തുടങ്ങിയതാണ് റോഡ് വികസന പദ്ധതി. 10 കോടി രൂപയായിരുന്നു സംസ്ഥാന ബജറ്റിൽ വകയിരുത്തിയത്. എന്നാൽ, പിന്നീട് ഈ തുക അപര്യാപ്തമാണെന്നുകണ്ട് കിഫ്ബി പദ്ധതിയിൽപെടുത്തി 38.9 കോടി രൂപ അനുവദിക്കുകയായിരുന്നു. നിലവിൽ കേരള റോഡ്സ് ഫണ്ട് ബോർഡിനാണ് റോഡ് പുനരുദ്ധാരണ ചുമതല നൽകിയിരിക്കുന്നത്.
വിയ്യൂർ, കീഴരിയൂർ, കൊഴുക്കല്ലൂർ, വില്ലേജുകളിൽ 1.655 ഹെക്ടർ സ്ഥലം റോഡ് വികസനത്തിനായി ഏറ്റെടുക്കണം. ഇതിനായി അതിർത്തി കല്ലിടുന്ന ജോലി ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയായിട്ടില്ല. ഭൂമിയേറ്റെടുക്കൽ നടപടികൾ ഊർജിതമാക്കാൻ കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടറോട് ആവശ്യപ്പെട്ടതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. ഈ റോഡിന്റെ വികസനത്തിന് മറ്റൊരു തടസ്സമായി പ്രചരിപ്പിക്കുന്നത് കൊല്ലം റോഡിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച അടിപ്പാതയാണ്.
കൊല്ലം-മേപ്പയൂർ റോഡ് മുറിച്ചുകടന്നാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിർമിക്കുന്നത്. റോഡ് മുറിച്ചുകടക്കുന്നിടത്ത് അശാസ്ത്രീയമായ രീതിയിലാണ് അടിപ്പാത നിർമിച്ചത്. നിലവിലെ റോഡിൽനിന്ന് മാറിയാണ് കൊല്ലം-നെല്യാടി റോഡിൽ അടിപ്പാത നിർമിച്ചത്. ഇതുകാരണം നാലു വീടുകൾ ഒഴിപ്പിച്ചാലേ ഇനി റോഡ് വികസനം സാധ്യമാകൂ.
ഈ റോഡിൽ സ്വകാര്യ കമ്പനിയുടെ കേബിൾ സ്ഥാപിക്കാൻ കുഴിയെടുത്തിട്ടുണ്ട്. കരാർ വ്യവസ്ഥയിൽ പറഞ്ഞതിന് വിരുദ്ധമായാണ് കമ്പനി കേബിൾ വലിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവർക്ക് കേബിൾ വലിക്കാൻ നൽകിയ അനുമതി പിൻവലിച്ചിരിക്കുകയാണ്. തിരുവള്ളൂർ, വേളം, ചെറുവണ്ണൂർ പഞ്ചായത്തുകളിൽനിന്ന് കൊയിലാണ്ടി വഴി കോഴിക്കോടേക്ക് എത്താനുള്ള എളുപ്പവഴിയാണ് ഈ റോഡ്. ഇരുചക്രവാഹന യാത്ര ഉൾപ്പെടെ ഈ റോഡിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.