എം.സി.എഫ് കെട്ടിട നിർമാണം നിർത്തിവെക്കണമെന്ന് ഓംബുഡ്സ്മാൻ
text_fieldsമേപ്പയൂർ: അരിക്കുളം പള്ളിക്കൽ കനാൽ സൈഫണിന് സമീപം നടക്കുന്ന മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവെക്കാൻ പഞ്ചായത്ത് ഓംബുഡ്സ്മാൻ അരിക്കുളം ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി. ജനകീയ കർമസമിതി കൺവീനർ സി. രാഘവൻ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിർമാണം താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടത്.
എം.സി.എഫ് പ്രശ്നം ചർച്ച ചെയ്യാനായി വിളിച്ചുചേർത്ത പ്രത്യേക ഗ്രാമസഭ വർഷങ്ങളായി കായിക വിനോദത്തിനും പൊതു പരിപാടികൾക്കുമായി ഉപയോഗിച്ചിരുന്ന കനാൽ പുറമ്പോക്കിൽ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു. 117 അംഗങ്ങൾ പങ്കെടുത്ത ഗ്രാമസഭയിൽ 116 പേരും പ്രമേയത്തെ അനുകൂലിച്ചു. പഞ്ചായത്ത് ഭരണസമിതി ഗ്രാമസഭ തീരുമാനം തള്ളി നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി.
നാലു വർഷമായി സമരപാതയിലായിരുന്ന പ്രദേശവാസികൾ ഏറ്റവും ഒടുവിലായി നടത്തിയ രാപ്പകൽ സമരം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് സമരപ്പന്തലിലേക്ക് പൊലീസ് ഇരച്ചുകയറി സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാണ് എം.സി.എഫ് കെട്ടിട നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം നടന്ന സിറ്റിങ്ങിൽ ഗ്രാമസഭ തീരുമാനം അട്ടിമറിച്ചതിനെതിരെ പരാമർശം ഉണ്ടാവുകയും പഞ്ചായത്ത് ജോയന്റ് ഡയറക്ടർ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ എതിർകക്ഷികളാക്കി ചേർത്ത് വിസ്തരിക്കാൻ കേസ് ജൂലൈ ആറിലേക്ക് മാറ്റുകയും ചെയ്തു.
കലക്ടർ പത്തു സെന്റ് ഭൂമി താൽക്കാലികമായി വിട്ടുനൽകാൻ ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അഞ്ചു സെന്റ് സ്ഥലമാണ് പഞ്ചായത്തിന് വിട്ടുനൽകിയിരിക്കുന്നത്.
ജില്ല പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറിൽനിന്ന് ലഭ്യമായ വിവരാവകാശ രേഖപ്രകാരം അരിക്കുളം എം.സി.എഫ് നിർമാണം പൂർത്തിയാക്കിയെന്നാണ് മറുപടി. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് താൽക്കാലികമായി എം.സി.എഫ് പ്രവർത്തിക്കുന്നുണ്ടെന്ന് വിവരാവകാശ പ്രകാരം വ്യക്തമാണെന്ന് കർമസമിതി ഭാരവാഹികൾ പറഞ്ഞു. അരിക്കുളം ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് 7.71 ലക്ഷം രൂപക്ക് നിർമാണം ഏറ്റെടുത്തത്.
നിർമാണം നടക്കുന്ന സൗകര്യമില്ലാത്ത ചെറിയ കെട്ടിടത്തിൽ 13 വാർഡുകളിലെ പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവമാലിന്യങ്ങൾ എങ്ങനെ സംഭരിക്കുമെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. കിണർ കുഴിക്കാൻ ജലസേചന വകുപ്പ് അനുമതി നൽകിയിട്ടുമില്ല. എം.സി.എഫിന് സ്ഥിരമായ കെട്ടിടം പണിയാനുള്ള സ്ഥലം കണ്ടെത്താൻ നാലു വർഷമായി പഞ്ചായത്ത് ഭരണസമിതിക്ക് സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.