പുറക്കാമല കരിങ്കൽ ഖനനം; പഞ്ചായത്തിന്റെ അപ്പീൽ തള്ളി
text_fieldsമേപ്പയ്യൂർ: മേപ്പയ്യൂർ, ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തുകളിൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്ന പുറക്കാമല കരിങ്കൽ ഖനനത്തിന് ഡി ആൻഡ് ഒ ലൈസൻസ് നൽകണമെന്ന ഹൈകോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ മേപ്പയ്യൂർ പഞ്ചായത്ത് ഡിവിഷൻ ബഞ്ചിൽ നൽകിയ അപ്പിൽ തള്ളി. ജസ്റ്റിസുമാരായ ടി.ആർ. രവി, ഹരിശങ്കർ വി. മേനോൻ എന്നിവരടങ്ങിയ ബഞ്ചാണ് അപ്പിൽ തള്ളിയത്. ഇതോടെ ഗ്രാമ പഞ്ചായത്തും ഖനനവിരുദ്ധ ആക്ഷൻ കൗൺസിലും പ്രതിസന്ധിയിലായി.
ശക്തമായ ജനകീയ സമരം നടത്തി ഖനനം തടയുമെന്നാണ് സമരസമിതി പറയുന്നത്. പാരിസ്ഥിതികാനുമതി ഉൾപ്പെടെയുള്ള എല്ലാ അനുമതികളുമായി 2023 മേയിലാണ് ക്വാറി കമ്പനി ഡി ആൻഡ് ഒ ലൈസൻസിന് അപേക്ഷിച്ചത്. നവംബർ നാലിന് അപേക്ഷ ഭരണസമിതി തള്ളി. തുടർന്നാണ് കമ്പനി ഹൈകോടതിയിൽ റിട്ട് പെറ്റീഷൻ ഫയൽ ചെയ്ത് അനുകൂല വിധി സമ്പാദിച്ചത്. ഇതിനെതിരെ ഈ മാസം 14ന് ഗ്രാമ പഞ്ചായത്ത് നൽകിയ അപ്പീലും തള്ളുകയായിരുന്നു.
മേപ്പയ്യൂർ പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ടാങ്ക് പുറക്കാമലയിലാണ്. ചെറുവണ്ണൂർ പഞ്ചായത്ത് ജൽ ജീവൻ പദ്ധതിയുടെ ടാങ്ക് സ്ഥാപിക്കാൻ തീരുമാനിച്ചതും പുറക്കാമലയിലാണ്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഈ മല നശിച്ചാൽ താഴ്വാരത്തെ നിരവധി കുടുംബങ്ങൾ ദുരിതത്തിലാവും. ഖനന നീക്കത്തിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.