ഖനനഭീഷണി നേരിടുന്ന പുറക്കാമല ‘തീപ്പന്ത’മാകുന്നു
text_fieldsമേപ്പയൂർ: മേപ്പയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ജൈവവൈവിധ്യ കലവറയായ പുറക്കാമലയെ ഒരിക്കലും ഖനന മാഫിയകൾക്ക് വിട്ടുകൊടുക്കില്ലെന്ന് അഗ്നിസാക്ഷിയായി പ്രതിജ്ഞ ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് കീഴ്പയ്യൂർ മണപ്പുറംമുക്കിൽ പുറക്കാമല സംരക്ഷണസമിതി നടത്തിയ പ്രതിരോധത്തെരുവിൽ പങ്കാളികളായത്.
നാറാണത്ത് മുക്കിൽനിന്നും ബഹുജന റാലിയോടെയാണ് മണപ്പുറം മുക്കിൽ സംഗമിച്ചത്. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം സലീന ഒളോറ അധ്യക്ഷത വഹിച്ചു. സമിതി ചെയർമാൻ ഇല്യാസ് ഇല്ലത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത്, ജില്ല പഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ, ബ്ലോക്ക് പഞ്ചായത്തംഗം ഹർഷിദ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. ബിജു, ആർ.പി. ഷോഭിഷ്, ഭാസ്കരൻ കൊഴുക്കല്ലൂർ, ജില്ല പരിസ്ഥിതിസമിതി അംഗം സത്യൻ മേപ്പയൂർ, പി.പി. രാധാകൃഷ്ണൻ, പി.കെ. അനീഷ്, ടി.കെ.എ. ലത്തീഫ്, എം.കെ. രാമചന്ദ്രൻ, സുരേഷ് കണ്ടോത്ത്, കെ. ലോഹ്യ, മേലാട്ട് നാരായണൻ, വി.എ. ബാലകൃഷ്ണൻ, സിറാജ് മേപ്പയൂർ, ഈസ്മയിൽ കമ്മന എന്നിവർ സംസാരിച്ചു.
സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതിയിൽനിന്ന് ലഭിച്ച പാരിസ്ഥിതികാനുമതി, ഹൈകോടതി ഉത്തരവ് ഉൾപ്പെടെ ഗ്രാമപഞ്ചായത്തിന് സമർപ്പിച്ച് ലൈസൻസിന് വേണ്ടി കാത്തിരിക്കുകയാണ് ക്വാറി കമ്പനി. എന്നാൽ, മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഖനനത്തിനുള്ള അപേക്ഷ തള്ളിയിരിക്കുകയാണ്.
ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ നിയോഗിച്ച വിദഗ്ധസമിതി പ്രദേശം സന്ദർശിക്കുകയോ ഗ്രാമപഞ്ചായത്തിനേയോ തദ്ദേശ വാസികളേയോ കേൾക്കുകയോ ചെയ്തില്ല. മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ളപദ്ധതിയുടെ ടാങ്ക് ഈ മലയിലാണ്.
ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ജൽജീവൻ പദ്ധതിയുടെ ടാങ്ക് നിർമിക്കാൻ തീരുമാനിച്ചതും നിർദിഷ്ട ഖനനമേഖലയുടെ സമീപത്താണ്. ഈമല നശിച്ചാൽ നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാവും. അതുകൊണ്ട് മലയെ സംരക്ഷിക്കാൻ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിനാണ് തുടക്കംകുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.