റോഡ് വികസനം അംഗൻവാടി തകർത്തു; കുരുന്നു ജീവനുകൾ അപകടത്തിൽ
text_fieldsമേപ്പയ്യൂർ : റോഡ് വികസനം അരിക്കുളം തറമലങ്ങാടി കണിയോത്ത് മാതൃക അംഗൻവാടിയെ തകർത്തു. പേരാമ്പ്ര-തറമ്മലങ്ങാടി റോഡ് വികസനത്തിന്റെ ഭാഗമായി ആറ് മാസങ്ങൾക്ക് മുമ്പ് അംഗൻവാടിയുടെ മുൻഭാഗത്തെ മതിലും മുറ്റവും പൊളിച്ചിരുന്നു.
ഉടനെ പുന:സ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും തുടർ നടപടിയുണ്ടായില്ല. മുൻഭാഗത്തെ മേൽക്കൂരയുടെ തൂണുകളുടെ അടിത്തറ തകർന്ന് കിടക്കുകയാണ്. അടിത്തറ പൊളിഞ്ഞു കിടക്കുന്നതും കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടതും ഇഴജന്തുക്കളുടെ ഭീഷണിക്ക് കാരണമാവുന്നുണ്ട്.
മേൽക്കൂരയുടെ കോൺക്രീറ്റ് ബീമിന്റെ പകുതി ഭാഗം മുറിഞ്ഞ് തൂങ്ങി നിൽക്കുകയാണ്. ഏത് നിമിഷവും കമ്പിയിൽ നിന്ന് വേർപെട്ട് വീഴാൻ സാധ്യതയുള്ള രണ്ട് കിന്റലോളം ഭാരമുള്ള ഈ ബീം വൻ ദുരന്തത്തിനിടയാക്കും.
അപകട ഭീഷണി ഉള്ളതിനാൽ കുട്ടികളെ ജീവനക്കാർ അകത്തുതന്നെ ഇരുത്തുകയാണ്. കെട്ടിടം അപകട ഭീഷണിയിലായതോടെ കുഞ്ഞുങ്ങളെ വിടാൻ പല രക്ഷിതാക്കളും തയാറാകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
ജില്ലയിലെ മാതൃക അംഗൻവാടിയായി പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന്റെ പരിതാപകരമായ അവസ്ഥയിൽ രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലാണ്. അംഗൻവാടി വെൽഫെയർ കമ്മിറ്റിയിൽ രക്ഷിതാക്കൾ പരാതി ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല.
ദുരവസ്ഥ അരിക്കുളം പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപ്പടുത്തിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്. 15 കുട്ടികളെ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാത 15 ഗർഭിണികളും ആറ് മാസം മുതൽ മൂന്ന് വർഷം വരെ പ്രായമുള്ള 45 കുഞ്ഞുങ്ങളും ഇവിടുത്തെ ഗുണഭോക്താക്കളാണ്.
സാധാരണക്കാരായ കുടുംബങ്ങളാണ് ഈ സ്ഥാപനത്തിലെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും. നാല് പതിറ്റാണ്ട് മുമ്പ് ബാലവാടിയായും പിന്നീട് 1984ൽ അംഗൻവാടിയായും പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനം നിർമിക്കാൻ മൂന്നര സെന്റ് സ്ഥലം സൗജന്യമായി നൽകിയത് പ്രദേശത്തെ പൗപ്രമുഖനായിരുന്ന കണിയോത്ത് കുഞ്ഞികൃഷ്ണൻ നായരായിരുന്നു.
അംഗൻവാടിയുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്കും സാമൂഹിക ക്ഷേമ വകുപ്പിനും യു.ഡി.എഫ് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.