സമരം ശക്തമാണ്, പക്ഷേ... തങ്കമലക്ക് ആര് മണികെട്ടും?
text_fieldsമേപ്പയൂർ: തങ്കമല ക്വാറിക്കും ക്രഷറിനുമെതിരെയുള്ള രാഷ്ട്രീയ പാർട്ടികളുടെ സമരം പുറമെ ശക്തമാണെങ്കിലും ചില കളികൾ നടക്കുന്നതായി നാട്ടുകാർ സംശയിക്കുന്നുണ്ട്. കീഴരിയൂരിലും തുറയൂരിലും ഭരണം നടത്തുന്ന എൽ.ഡി.എഫിലെ സി.പി.എം, സി.പി.ഐ, എൻ.സി.പി കക്ഷികൾ സമരരംഗത്തുണ്ട്. സി.പി.എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ക്വാറിയിലേക്ക് മാർച്ച് നടത്തിയിരുന്നു. സി.പി.ഐ, എൻ.സി.പി നേതാക്കൾ വ്യത്യസ്ത ദിവസങ്ങളിൽ തങ്കമല സന്ദർശിച്ച് ഖനനം നിർത്തണമെന്നാവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷമായ യു.ഡി.എഫിലെ കോൺഗ്രസും മുസ്ലിം ലീഗും ക്വാറി- ക്രഷർ വിരുദ്ധ സമരത്തിൽ സജീവമാണ്. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ സ്ഥലം സന്ദർശിച്ചിരുന്നു. മുസ്ലിം ലീഗും സമരത്തിൽ പങ്കാളികളായി. ബി.ജെ.പി ക്വാറി ഉപരോധസമരം സംഘടിപ്പിച്ചിരുന്നു. എം.ടി. രമേശാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
വെൽഫെയർ പാർട്ടിയും സ്ഥലം സന്ദർശിച്ച് സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുറയൂർ പഞ്ചായത്തിന്റെ ഭാഗത്ത് ചേണിക്കണ്ടി മൊയ്തീന്റെ നേതൃത്വത്തിലും കീഴരിയൂർ പഞ്ചായത്തിന്റെ ഭാഗത്ത് കെ.എം. സുജിത്തിന്റെ നേതൃത്വത്തിലും ആക്ഷൻ കമ്മിറ്റികൾ നിലവിലുണ്ട്. എന്നാൽ, രണ്ടു കമ്മിറ്റികളും ഒരുമിച്ചുള്ള പ്രവർത്തനം ഇതുവരെ നടത്തിയിട്ടില്ല. കമ്പനി നടത്തിയ നിയമലംഘനങ്ങൾ അക്കമിട്ടുനിരത്തി കോടതിയെ സമീപിച്ചാൽ ക്വാറി പ്രവർത്തനത്തിന് സ്റ്റേ ലഭിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ക്വാറിക്ക് 50 മീറ്റർ ദൂരപരിധിയിൽ വീടുകൾ ഉണ്ടെന്ന കാര്യം മറച്ചുവെച്ചാണ് പാരിസ്ഥിതികാനുമതി സംഘടിപ്പിച്ചതെന്ന ആരോപണമുണ്ട്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽനിന്ന് കമ്പനിക്ക് റോയൽറ്റി ഫീസിൽ ഉൾപ്പെടെ വൻ കുറവ് വരുത്തിയെന്നും സംസാരമുണ്ട്. ഖനനം നടത്താൻ ജിയോളജിയിൽ അടക്കേണ്ട ഫീസാണ് റോയൽറ്റി ഫീസ്. ഖനനം നടത്തുന്ന അളവിനനുസരിച്ചാണ് ഫീസ് ഈടാക്കുന്നത്. ക്വാറി, ക്രഷർ വിവരങ്ങളറിയാൻ ജിയോളജി വകുപ്പിൽ ഉൾപ്പെടെ വിവരാവകാശ അപേക്ഷ നൽകിയെങ്കിലും വിവരം തരേണ്ട സമയപരിധി കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന് സമരസമിതി കൺവീനർ സുജിത്ത് പറഞ്ഞു. ഒരു ക്രഷറിനേ അനുമതിയുള്ളൂവെങ്കിലും രണ്ടു ക്രഷർ പ്രവർത്തിക്കുന്നുണ്ട്. കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാന ദുരന്തനിവാരണ സമിതിയുടെ നിർദേശപ്രകാരം നിലവിൽ എല്ലാ ക്വാറി പ്രവർത്തനവും നിർത്തിവെച്ചതുകൊണ്ട് തങ്കമലയിലും ഇപ്പോൾ ഖനനം നടക്കുന്നില്ല. എന്നാൽ, മഴയുടെ ശക്തി കുറഞ്ഞാൽ ഈ നിരോധനം നീങ്ങും. അപ്പോൾ തങ്കമല ക്വാറി, ക്രഷർ പ്രവർത്തനം പൂർവാധികം ശക്തമായി പുനരാരംഭിക്കുമെന്ന ഭയപ്പാടിലാണ് നാട്ടുകാർ. നടക്കുന്നതെല്ലാം നിയമലംഘനങ്ങളാണെങ്കിലും അതിനെതിരെ ശക്തമായി നിലകൊള്ളും. ഇക്കാര്യങ്ങൾ കോടതിയിൽ അവതരിപ്പിച്ച് ക്വാറിപ്രവർത്തനം അവസാനിപ്പിച്ച് നാടിന്റെ സമാധാനം ആര് തിരിച്ചുകൊണ്ടുവരും എന്നാണ് അവർ ചോദിക്കുന്ന ചോദ്യം.
പ്രവർത്തനം നിയമാനുസൃതം -വഗാഡ്
മേപ്പയൂർ: തങ്കമലയിലെ ക്വാറി, ക്രഷർ പ്രവർത്തനം നിയമാനുസൃതമാണെന്ന് വഗാഡ് കമ്പനി അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജിനിൽകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
ക്വാറി, ക്രഷർ പ്രവർത്തനം നിലച്ചാൽ ദേശീയപാത പ്രവൃത്തി തടസ്സപ്പെടും. ദേശീയപാത വികസനം വെങ്ങളം-അഴിയൂർ 43 കിലോമീറ്റർ ഏറ്റെടുത്തിരിക്കുന്നത് വഗാഡ് ആണ്. ഈ പ്രവർത്തനം ത്വരിതപ്പെടുത്താൻ അസംസ്കൃത വസ്തുക്കൾ തടസ്സമില്ലാതെ ലഭ്യമാക്കേണ്ടതുണ്ട്. മഴയിൽ ദേശീയപാത പയ്യോളിയിൽ വെള്ളത്തിൽ മുങ്ങാൻ കാരണം പുതിയ പ്രവൃത്തി തടസ്സപ്പെട്ടതാണ്. മേപ്പയൂർ പഞ്ചായത്തിലെ മഞ്ഞക്കുളത്തുനിന്ന് മണ്ണെടുക്കുന്നത് തടഞ്ഞതാണ് പയ്യോളി വെള്ളത്തിൽ മുങ്ങാൻ കാരണം. ക്വാറിയുടെ സുഗമമായ നടത്തിപ്പിന് കലക്ടറുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് ഓഫിസിൽ ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും യോഗം ചേർന്നിരുന്നു. ആ യോഗത്തിൽ മുന്നോട്ടുവെച്ച എല്ലാ നിർദേശങ്ങളും അംഗീകരിച്ചാണ് കമ്പനി മുന്നോട്ടുപോകുന്നത്. സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി, മലിനീകരണ നിയന്ത്രണ ബോർഡ്, മൈനിങ് ആൻഡ് ജിയോളജി തുടങ്ങി എല്ലാ അധികാരകേന്ദ്രങ്ങളിൽനിന്നും അനുമതി ലഭിച്ചതാണെന്നും വഗാഡ് അധികൃതർ വ്യക്തമാക്കി.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.