പാലിന്റെ സംഭരണവില രണ്ടുരൂപ കൂട്ടി മില്‍മ മലബാര്‍ യൂനിയന്‍
text_fieldsകോഴിക്കോട്: ക്ഷീര കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പാലിന് ലിറ്ററിന് രണ്ടുരൂപ നിരക്കില്‍ അധിക പാല് വില പ്രഖ്യാപിച്ച് മില്‍മയുടെ മലബാര്‍ റീജനല്‍ കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂനിയന്‍ (എം.ആര്.സി.എം.പി.യു). ജൂണ്‍ ഒന്ന് മുതല്‍ മൂന്നു മാസത്തേക്കാണ് വില കൂട്ടിയത്. കാലിത്തീറ്റ ചാക്ക് ഒന്നിന് 250 രൂപ സബ്സിഡിയും അനുവദിച്ചു. പ്രാഥമിക ക്ഷീര സംഘങ്ങള്‍ക്ക് പാല് സംഭരണ വര്‍ധനക്ക് അവസരമൊരുക്കുന്നതിനും ക്ഷീര കര്‍ഷകരുടെ വര്‍ധിച്ചു വരുന്ന പാലുൽപാദന ചെലവും കണക്കിലെടുത്താണ് അധിക പാല് വിലയും കാലിത്തീറ്റ സബ്സിഡിയും പ്രഖ്യാപിച്ചത്. മലബാര്‍ യൂനിയന്റെ ഭാഗമായ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ ഒരു ലക്ഷത്തില്‍പരം ക്ഷീര കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. നിലവില്‍ ശരാശരി 45.95 രൂപയാണ് ഒരു ലിറ്റര്‍ പാലിന്. ഇത് 47.95 രൂപയായി വര്‍ധിക്കും. ഏകദേശം അഞ്ച് കോടി രൂപ കാലിത്തീറ്റ സബ്സിഡി ഇനത്തിലും കര്‍ഷകരിലേക്ക് എത്തും. 1420 രൂപ വിലയുള്ള മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോ ചാക്ക് ഒന്നിന് 250 രൂപ വീതം സബ്സിഡി നൽകും. ആദ്യമായാണ് മഴക്കാലത്ത് മലബാര്‍ മില്‍മ അധിക പാല് വിലയും അഞ്ചു വര്‍ഷം മുമ്പുള്ള വിലയില്‍ കാലിത്തീറ്റയും നല്‍കുന്നത്. അധിക പാല് വിലയായി 12 കോടിയോളം രൂപയും കാലിത്തീറ്റ സബ്സിഡിയായുള്ള അഞ്ചു കോടി രൂപയും ചേര്‍ത്ത് 17 കോടി രൂപ മൂന്ന് മാസക്കാലയളവില്‍ ക്ഷീരസംഘങ്ങള്‍ക്ക് കൈമാറുമെന്ന് മില്‍മ ചെയര്മാന് കെ.എസ്. മണിയും മാനേജിങ് ഡയറക്ടര്‍ കെ.സി. ജെയിംസും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.