മിൻഹയുടെ അപൂർവ ശേഖരം ഇതാണ്...
text_fieldsകൂളിമാട്: സ്കൂളിൽ പുരാവസ്തുക്കളുടെയും അപൂർവ ശേഖരങ്ങളുടെയും പ്രദർശനമുണ്ട് എന്നറിഞ്ഞപ്പോൾ കൂളിമാട് എരഞ്ഞിപറമ്പിലെ മിൻഹ മജീദെന്ന വിദ്യാർഥി ഒട്ടകപ്പക്ഷിയുടെ മുട്ടയുമായാണ് സ്കൂളിലേക്ക് എത്തിയത്. കൂട്ടുകാർക്കും മറ്റും മുട്ടയെക്കുറിച്ചുള്ള വിവരങ്ങൾ അഭിമാനത്തോടെ മിൻഹ പറഞ്ഞുകൊടുത്തു.
കുട്ടിക്കാലം മുതൽ മിൻഹയിത് സൂക്ഷിച്ചുവെക്കുന്നുണ്ട്. പ്രവാസിയായിരിക്കെ പിതാവ് എം.കെ. മജീദിന് 15 വർഷംമുമ്പ് ത്വാഇഫിൽവെച്ച് കൊടിയത്തൂർ സ്വദേശി നാസർ നൽകിയതാണിത്. വിരിയാൻ സാധ്യതയില്ലാത്ത മുട്ട നൽകുകയായിരുന്നു. അന്നുമുതൽ കുടുംബം അപൂർവ സ്വത്തായി ഇത് സൂക്ഷിക്കുന്നുണ്ട്. മിൻഹയാണ് കേടുവരാതെയും നിറഭേദമില്ലാതെയും പരിപാലിച്ച് സൂക്ഷിക്കുന്നത്. മുട്ടയുടെ ഉൾവശം കേടാവുകയോ തണുത്തുറഞ്ഞിട്ടുണ്ടാകാമെങ്കിലും കട്ടിയുള്ള പുറംതോടുള്ളതിനാൽ പുറത്തേക്ക് ഇത് അറിയാനാവില്ല. അതിനാലാണ് ദുർഗന്ധമൊന്നുമില്ലാതെ ഇത് സൂക്ഷിക്കാനാവുന്നത്. 2008ലാണ് മജീദ് പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തുന്നത്. ചേന്ദമംഗലൂർ ജി.എം.യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയായ മിൻഹ കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന എക്സിബിഷനിലാണ് മുട്ട പ്രദർശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.