പീപിള്‍സ് റെസ്റ്റ് ഹൗസ്; നാലരക്കോടിയുടെ ലാഭമുണ്ടായെന്ന് മന്ത്രി മുഹമ്മദ് റിയാസ്
text_fieldsകോഴിക്കോട്: പീപിള്‍സ് റെസ്റ്റ് ഹൗസുകള്‍വഴി ഒരു വര്‍ഷം കൊണ്ട് സര്‍ക്കാറിന് 4.33 കോടി രൂപ വരുമാനം ലഭിച്ചതിനുപുറമേ പൊതുജനങ്ങള്‍ക്ക് ഏഴ് കോടി രൂപയുടെ ലാഭവുമുണ്ടായിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
പൊതുമരാമത്ത് വകുപ്പിനുകീഴിലെ റെസ്റ്റ് ഹൗസുകള്‍ പീപിള്‍സ് റെസ്റ്റ് ഹൗസാക്കി മാറ്റിയതിന്റെ ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 67,000 ആളുകളാണ് ഈ വര്‍ഷം റെസ്റ്റ് ഹൗസുകള്‍ ഉപയോഗിച്ചത്. നേരത്തേ റെസ്റ്റ് ഹൗസുകള്‍ സാധാരണക്കാര്‍ക്ക് ലഭിക്കണമെങ്കില്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കണമായിരുന്നു.
ബുക്കിങ് ഓണ്‍ലൈനാക്കിയതോടെ ഇതിനു മാറ്റംവന്നു. മുറികളുടെ ലഭ്യത നേരത്തേ അറിയാനുള്ള സംവിധാനമായി. താമസക്കാരുടെ അഭിപ്രായം സ്വരൂപിച്ചും സര്‍ക്കാറിന്റെ സാമ്പത്തികസാഹചര്യം പരിഗണിച്ചുമായിരിക്കും നവീകരണപ്രവര്‍ത്തനങ്ങള്‍ അടുത്തഘട്ടത്തിലേക്ക് കടക്കുകയെന്നും മന്ത്രി പറഞ്ഞു.
2021 നവംബർ ഒന്നിനാണ് പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയത്. രണ്ടുപേര്‍ക്ക് താമസിക്കാവുന്ന എ.സി മുറികള്‍ക്ക് 1000 രൂപയും നോണ്‍ എ.സി മുറികള്‍ക്ക് 600 രൂപയുമാണ് വാടക. സംസ്ഥാനത്തുടനീളം പൊതുമരാമത്ത് വകുപ്പിന് കീഴിൽ 155 റെസ്റ്റ് ഹൗസുകളാണ് നിലവിലുള്ളത്.
അവയിൽ 148 റെസ്റ്റ് ഹൗസുകളിലായി 1189 മുറികളാണ് resthouse.pwd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാവുന്നത്. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ചലച്ചിത്ര നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി. മേയര്‍ ഡോ. ബീന ഫിലിപ്, എം.എല്‍.എമാരായ എം.കെ. മുനീര്‍, ഇ.കെ. വിജയന്‍, പി.ടി.എ. റഹീം, കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ലിന്റോ ജോസഫ്, എല്‍. ബീന, എ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.