വേഗപാതയിൽ മന്ത്രി മുഹമ്മദ് റിയാസ്
text_fieldsകോഴിക്കോട്: പാർട്ടിയിൽ സ്ഥാനക്കയറ്റത്തിന്‍റെ പാതയിൽ പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 2017ലെ സമ്മേളനത്തോടെ സി.പി.എം സംസ്ഥാന കമ്മിറ്റിയിലെത്തിയ റിയാസ് ഇത്തവണ സെക്രട്ടേറിയറ്റിലെത്തി. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് പദവിയിൽ പ്രവർത്തിച്ചതടക്കമാണ് റിയാസിന് മുൻതൂക്കമായത്. മാത്രമല്ല മന്ത്രിയെന്ന നിലയിലെ മികച്ച പ്രവർത്തനവും മുതൽകൂട്ടായി. ബേപ്പൂർ മണ്ഡലത്തെയാണ് റിയാസ് പ്രതിനിധാനം ചെയ്യുന്നത്.
നേരത്തെ കോഴിക്കോട്ടുനിന്ന് പാർലമെന്‍റിലേക്ക് ജനവിധി തേടിയപ്പോൾ എം.കെ. രാഘവനോട് ആയിരത്തിൽ താഴെ വോട്ടിനായിരുന്നു പരാജയപ്പെട്ടത്. പ്രവർത്തനം ദേശീയ തലത്തിലേക്ക് പറിച്ചുനട്ടതോടെ റിയാസിന്റെ കയറ്റം പെട്ടെന്നായിരുന്നു.
1991ൽ കോഴിക്കോട് സെന്‍റ് ജോസഫ്സ് സ്കൂളിൽ പഠിക്കവെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയായിട്ടാണ് സംഘടനാരംഗത്ത് സജീവമായത്. തുടർന്ന് 95, 96 കാലത്ത് ഫാറൂഖ് കോളജിൽ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ്, സെക്രട്ടറി, 97ൽ കാലിക്കറ്റ് സർവകലാശാല യൂനിയൻ കൗൺസിലർ, 98ൽ കോഴിക്കോട് സിറ്റി ഏരിയ സെക്രട്ടറി, ഫറോക്ക് ഏരിയ ജോയന്‍റ് സെക്രട്ടറി, ഏരിയ വൈസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പിന്നീട് ഡി.വൈ.എഫ്.ഐ ജില്ല ജോയന്‍റ് സെക്രട്ടറി, പ്രസിഡന്‍റ്, സംസ്ഥാന ജോയന്‍റ് സെക്രട്ടറി, വൈസ് പ്രസിഡന്‍റ് പദവികളും വഹിച്ചു.
2016ൽ അഖിലേന്ത്യ ജോയന്‍റ് സെക്രട്ടറിയും 17ൽ അഖിലേന്ത്യ പ്രസിഡന്‍റുമായി. സി.പി.എമ്മിൽ കോട്ടപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി പിന്നീട് നോർത്ത് ഏരിയ കമ്മിറ്റി അംഗവും 2011ൽ ജില്ല കമ്മിറ്റി അംഗവുമായി. കോട്ടൂളിയിലെ പി.എം. അബ്ദുൽ ഖാദർ, കെ.എം. ഐഷാബി ദമ്പതികളുടെ മകനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.