അമ്മത്തണുപ്പിൽ മോണ്ടി വീടിെൻറ സുരക്ഷിതത്വത്തിലേക്ക്
text_fieldsകോഴിക്കോട്: എന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ മകനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഡൽഹി സ്വദേശി അനിത. മാനസിക വെല്ലുവിളി നേരിടുന്ന മൂകനായ കുഞ്ഞിനെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയും അടുത്ത സ്ഥലങ്ങളിലെല്ലാം അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡ് മഹാമാരി വന്നതോടെ അന്വേഷണംപോലും നടത്താനാകാതെ നിസ്സഹായരായ ബന്ധുക്കൾക്ക് മുന്നിലേക്കാണ് കേരളത്തിൽനിന്ന് സന്തോഷവാർത്ത എത്തിയത്. നഷ്ടപ്പെട്ടുപോയ മകനെ ഓർത്ത് കണ്ണീർ വാർത്തുകഴിഞ്ഞ കുടുംബം മകനെ തിരിച്ചറിയാൻ ഫോട്ടോ കാണിച്ച് ആളുകൾ എത്തിയപ്പോൾ സന്തോഷംകൊണ്ട് പൊട്ടിക്കരയുകയായിരുന്നുവെന്ന് ചിൽഡ്രൻസ് ഹോം അധികൃതർ പറയുന്നു.
ജൂൺ 14ന് ഗവ. ചിൽഡ്രൻസ് ഹോമിൽ എത്തിയ കുട്ടിയുടെ കൈയിൽ പച്ചകുത്തിയതാണ് തുണയായത്. കുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോൾ പച്ച കുത്തിയതിനാൽ അത് അവ്യക്തമായിരുന്നു. മോണ്ടി എന്നാണ് പേര് എന്നും സക്കർപുർ എന്നും എഴുതിയിട്ടുണ്ടെന്നും ഈ പേരിൽ സ്ഥലം ഡൽഹിയിലുണ്ടെന്നും കൂടുതൽ പരിശോധനയിൽ വ്യക്തമായി. ഡൽഹിയിലെ ബി.ബി.എ ടീം ഡയറക്ടർ മനീഷ് ശർമ വഴി സന്നദ്ധ സംഘടനയായ ബച്പൻ ബചാവോ ആന്ദോളൻ കേരള കോഓഡിനേറ്റർ പ്രസ്രീൻ കുന്നപ്പള്ളി നടത്തിയ അന്വേഷണത്തിൽ സക്കർപുർ പ്രദേശത്തുള്ള ഓട്ടോ ഡ്രൈവറുടെ മകനാണ് മോണ്ടി എന്ന് തിരിച്ചറിഞ്ഞു. 2018 ഒക്ടോബറിൽ കാണാതായതാണെന്നും സുഭാഷ് പ്ലേസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും വിവരം കിട്ടി. റെയിൽവേ സ്േറ്റഷനിൽനിന്ന് റെയിൽവേ പൊലീസാണ് കുട്ടിയെ കണ്ടെത്തിയത്.
കുട്ടിയുടെ അമ്മ അനിതയും സഹോദരൻ ബികാസും തിങ്കളാഴ്ച ഉച്ചയോടെ കോഴിക്കോട്ടെത്തി. അമ്മയെയും സഹോദരനെയും കണ്ടപ്പോൾ കരഞ്ഞ് ഇരുവരെയും കെട്ടിപ്പിടിച്ചാണ് മോണ്ടി സന്തോഷം പ്രകടിപ്പിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽനിന്ന് നിയമനടപടികൾ പൂർത്തിയാക്കിയശേഷം ബാലാവകാശ കമീഷൻ അംഗം ബബിത ബൽരാജ് കുഞ്ഞിനെ ബന്ധുക്കൾക്ക് വിട്ടുനൽകി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ തോമസ് മാണി, അംഗം അഡ്വ. സോണി, ചിൽഡ്രൻസ് ഹോം ബോയ്സ് ചൈൽഡ് വെൽഫെയർ ഇൻസ്പെക്ടർ ഒ.കെ. മുഹമ്മദ് അഷറഫ്, ബോയ്സ് ഹോം സൂപ്രണ്ട് അഹമ്മദ് റഷീദ് എന്നിവരുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെയും കൊണ്ട് കുടുംബം കോഴിക്കോട്ടുനിന്ന് ചൊവ്വാഴ്ച ഉച്ചക്ക് ഡൽഹിക്ക് ട്രെയിൻ കയറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.