മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം ഒരുമാസമായിട്ടും തുമ്പായില്ല
text_fieldsകോഴിക്കോട്: നഗരത്തിലെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരനെ കാണാതായ കേസിൽ ഒരുമാസമായിട്ടും തുമ്പായില്ല. ബാലുശ്ശേരി എരമംഗലം സ്വദേശി ആട്ടൂർ ഹൗസിൽ മുഹമ്മദ് ആട്ടൂരിനെയാണ് (മാമിക്ക -56) ആഗസ്റ്റ് 21ന് കാണാതായത്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷ് പറഞ്ഞു.
സംസ്ഥാനത്തിന് പുറത്ത് ഇദ്ദേഹം പോകാനിടയുള്ള സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയും സുഹൃത്തുക്കൾ, ബിസിനസ് പങ്കാളികൾ അടക്കമുള്ളവരുടെ മൊഴിയെടുക്കുകയും ചെയ്തിട്ടും സൂചനകളൊന്നും ലഭിച്ചില്ല. മുഹമ്മദുമായി നേരത്തെ സാമ്പത്തിക ഇടപാടുകൾ നടത്തിയവരടക്കമുള്ളവരെ ചുറ്റിപ്പറ്റിയും പൊലീസ് അന്വേഷണം നടത്തിയിരുന്നു. പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തുന്നുണ്ടെന്നും വിവരങ്ങളൊന്നും ലഭ്യമായില്ലെന്നുമാണ് കുടുംബവും പറയുന്നത്.
അതിനിടെ മുഹമ്മദിന്റെ സുഹൃത്തുക്കൾ ചേർന്ന് സുലൈമാൻ കാരാടൻ ചെയർമാനായി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. നല്ല രീതിയിലാണ് അന്വേഷണം നടക്കുന്നതെന്നും കമ്മിറ്റി വീണ്ടും യോഗം ചേർന്ന് മുഖ്യമന്ത്രി, ഡി.ജി.പി അടക്കമുള്ളവർക്ക് പരാതി നൽകുന്നത് ആലോചിക്കുമെന്ന് സുലൈമാൻ പറഞ്ഞു.
ഒരു മാസമായിട്ടും ആളെ കുറിച്ച് ഒരു വിവരവും ലഭിക്കാത്തതോടെ സംഭവത്തിൽ ദുരൂഹതയും ഉയർന്നിട്ടുണ്ട്. ആ നിലക്കും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടുന്ന വിപുലസംഘം രൂപവത്കരിക്കണമെന്നും കേസ് ജില്ല ക്രൈംബ്രാഞ്ചിന് വിടണമെന്നുമുള്ള ആവശ്യവും വിവിധ കോണുകളിൽ നിന്നുയരുന്നുണ്ട്.
ഏറക്കാലമായി നഗരത്തിലെ ഫ്ലാറ്റിൽ താമസിക്കുന്ന മുഹമ്മദിനെ ആഗസ്റ്റ് 21ന് വൈകീട്ട് അരയിടത്തുപാലത്തെ സി.ഡി ടവറിന് സമീപമാണ് അവസാനമായി കണ്ടത്. ഇദ്ദേഹത്തിന്റെ ഓഫിസും ഇവിടെയാണ്. പിന്നീട് 22ന് ഉച്ചവരെ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തലക്കുളത്തൂർ, അത്തോളി, പറമ്പത്ത് ഭാഗത്താണ്. ഇവിടങ്ങളിലെല്ലാം പരിശോധന നടത്തിയിട്ടും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സൂചനകളൊന്നും ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.