മെഡിക്കൽ കോളജിൽ സ്റ്റാഫ് പാസ് ദുരുപയോഗം വ്യാപകം
text_fieldsകോഴിക്കോട്: രോഗികളുടെ കൂട്ടിരിപ്പുകാർക്കും സന്ദർശകർക്കും കർശന വിലക്ക് ഏർപ്പെടുത്തുന്ന മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് പാസ് ദുരുപയോഗം വ്യാപകം. മെഡിക്കൽ കോളജിലെ ജീവനക്കാർക്കുള്ള പാസ് ബന്ധുക്കൾക്കും പരിചയക്കാർക്കും ഒരു നിയന്ത്രണവുമില്ലാതെ അനുവദിക്കുന്നതാണ് പ്രശ്നത്തിനിടയാക്കുന്നത്. സ്റ്റാഫ് പാസുമായി വരുന്നവർ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശനം നിരോധിക്കപ്പെട്ട മേഖലകളിൽവരെ കയറുന്നത് നഴ്സുമാരും സുരക്ഷ ജീവനക്കാരുമായി അസ്വാരസ്യത്തിനും വാക്കേറ്റത്തിനും ഇടയാക്കുന്നതും പതിവാണ്.
കഴിഞ്ഞദിവസം സ്റ്റാഫ് പാസുമായി വന്നവർ സന്ദർശകർക്കും കൂട്ടിരിപ്പുകാർക്കും പ്രവേശനമില്ലാത്ത നെഫ്രോ, കാത്ത് ലാബ് ഐ.സി യൂനിറ്റുകളിൽ പ്രവേശിക്കാൻ ശ്രമിച്ചത് പ്രശ്നത്തിനിടയാക്കിയിരുന്നു. സ്റ്റാഫ് പാസുമായി ഐ.സി.യുവിൽ എത്തിയവരെ നഴ്സുമാർ സുരക്ഷ ജീവനക്കാരെ വിളിച്ച് പുറത്താക്കുകയായിരുന്നു. അണുബാധ ഏൽക്കാതിരിക്കാൻ അതിസുരക്ഷയോടെ കൈകാര്യംചെയ്യുന്ന വാർഡുകളിൽ ഇത്തരക്കാർ കയറിയിറങ്ങുന്നത് രോഗികളുടെ ജീവനുപോലും ഭീഷണിയായിരിക്കുകയാണ്.
സാധാരണക്കാരായ രോഗികളും കൂട്ടിരിപ്പുകാരും അത്യാവശ്യത്തിന് പുറത്തുപോയി മരുന്നുകളും ഭക്ഷണവും മറ്റു സാധനങ്ങളും വാങ്ങിവരാനും കൂട്ടിരിപ്പുകാരെ മാറ്റുന്നതിനും വരെ പ്രയാസപ്പെടുമ്പോഴാണ് സ്റ്റാഫ് പാസിന്റെ പേരിൽ ജീവനക്കാരുടെ പരിചയക്കാർ ഒരു നിയന്ത്രണവുമില്ലാതെ ഇഷ്ടമുള്ള ഇടങ്ങളിലെല്ലാം കടന്നുചെല്ലുന്നത്.
നിയന്ത്രണമില്ല
സൂപ്രണ്ടോ ആർ.എം.ഒയോ ഒപ്പിട്ട് സീൽ ചെയ്യേണ്ട പാസിൽ ക്ലർക്കുമാർതന്നെ ഒപ്പിട്ട് യഥേഷ്ടം വിതരണം ചെയ്യുന്നുവെന്നാണ് പരാതി. സാധാരണ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നൽകുന്ന പാസ് ഡിസ്ചാർജ് സമയത്ത് തിരിച്ചുവാങ്ങി സീൽ ചെയ്യും. പിന്നീട് ആർക്കും ഈ കാർഡ് ദുരുപയോഗം ചെയ്യാൻ കഴിയില്ല. എന്നാൽ, വെളുത്ത നിറത്തിലുള്ള സ്റ്റാഫ് പാസ് തിരിച്ചുവാങ്ങുന്നില്ല. അതിനാൽ ഇതിന്റെ ദുരുപയോഗവും വളരെ കൂടുതലാണ്. ഒരാൾ ഉപയോഗിച്ച് മെഡിക്കൽ കോളജിൽ തന്നെ ഉപേക്ഷിക്കുന്ന പാസ് മറ്റുള്ളവർ എടുത്ത് ഉപയോഗിക്കുന്നതും നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപെട്ടിരുന്നു. സ്റ്റാഫ് പാസിന് പ്രത്യേകമായി രജിസ്റ്ററും നമ്പറും ഇല്ലാത്തതിനാൽ ആര്, ഏത് ദിവസം അനുവദിച്ചതാണെന്നും പാസ് നോക്കിയാൽ മനസ്സിലാക്കാൻ കഴിയില്ല. ഇത് സുരക്ഷ ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്നു.
സ്റ്റാഫിന് തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കെ മറ്റൊരു സ്റ്റാഫ് പാസ് അനുവദിക്കേണ്ട കാര്യംതന്നെയില്ല. മെഡിക്കൽ കോളജിലെ ജീവനക്കാർ എല്ലാം ഐ.ഡി കാർഡ് ധരിക്കൽ നിർബന്ധമാക്കിയിരിക്കെ സ്റ്റാഫിന് മാത്രമായി ഇത്തരത്തിലൊരു പാസിന്റെ ആവശ്യമില്ലെന്ന് മെഡിക്കൽ കോളജിലെ ഒരുവിഭാഗം ജീവനക്കാർതന്നെ പറയുന്നു. വിഷയം ബന്ധപ്പെട്ടവർ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പ്രശ്നത്തിന് പരിഹാരം കണ്ടിട്ടില്ല. ദുരുപയോഗം പ്രതിരോധിക്കാൻ സ്റ്റാഫ് പാസിന് നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.