കടലുണ്ടി റെയിൽവേ ഗേറ്റിൽ അത്യാധുനിക ലെവൽ ക്രോസിങ് സംവിധാനം വരുന്നു
text_fieldsകടലുണ്ടി: റെയിൽവേ സ്റ്റേഷനുകളിൽനിന്ന് ഒറ്റത്തവണ ഓപറേഷൻ നടത്തി വെറും 10 സെക്കൻഡിനുള്ളിൽ അടക്കാനും തുറക്കാനും കഴിയുന്ന രീതിയിൽ, പാലക്കാട് ഡിവിഷനു കീഴിൽ സ്ഥാപിക്കുന്ന 29 അത്യാധുനിക ലെവൽ ക്രോസുകളിൽ കടലുണ്ടിയും. മറ്റൊന്ന് മലപ്പുറം ജില്ലയിലെ ചെട്ടിപ്പടി ഗേറ്റാണ്.
ഇതിന്റെ ഭാഗമായി ഇലക്ട്രിക്കൽ ഓപറേറ്റഡ് ലിഫ്റ്റിങ്ങ് ബാരിയർ (ഇ.ഒ.എൽ.ബി) പ്രോജക്ട് ആദ്യമായി ലെവൽക്രോസ് നമ്പർ 174 ബി എന്ന ചുരുക്കപ്പേരിൽ പരപ്പനങ്ങാടിക്കും കടലുണ്ടിക്കുമിടയിൽ സ്ഥാപിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
ഗേറ്റ് തുറക്കാൻ കഴിയാതെ അടഞ്ഞു പോകുന്ന മെക്കാനിക്കൽ തടസ്സങ്ങളിൽനിന്ന് രക്ഷപ്പെടാനുതകുമെന്നതാണ് ഈ ഗേറ്റിന്റെ സവിശേഷത. ഇടക്കിടെയുള്ള അറ്റകുറ്റപ്പണികളും അടക്കാനും തുറക്കാനുമായി ഗേറ്റ് ഓപറേറ്റർമാർ ചെലുത്തുന്ന അധ്വാനവും ഇതോടെ ഇല്ലാതാകും. ലെവൽ ക്രോസിങ്ങുകളുടെ സുരക്ഷ വർധിപ്പിക്കുന്നതോടൊപ്പം ഗേറ്റ് അടക്കാനും തുറക്കാനുമെടുക്കുന്ന സമയം മിനിറ്റുകളിൽ നിന്ന് 10 സെക്കൻഡായി കുറയുമെന്നത് ഗേറ്റുകളിലെ കുരുക്കിനു ശാശ്വത പരിഹാരമാകുമെന്നതാണ് പ്രധാന നേട്ടം. റെയിൽവേ സ്റ്റേഷനിലെ കൺട്രോളി ങ്ങിനുള്ളിൽപെടുന്നതാണ് കടലുണ്ടി.
അതുകൊണ്ടുതന്നെ സ്റ്റേഷൻമാസ്റ്റർ കൺട്രോൾ ബട്ടൺ അമർത്തിയതിനുശേഷം ഗേറ്റ് ഓപറേറ്റർ തുടർച്ചയായി രണ്ടു ലോക്കുകൾ തുറന്നാൽ മാത്രമേ ഗേറ്റ് അടക്കാനും തുറക്കാനും കഴിയൂവെന്നതാണ് നിലവിലെ അവസ്ഥ. എന്നാൽ,പുതിയ സംവിധാനം വരുന്നതോടുകൂടി ഒറ്റ ബട്ടണിൽതന്നെ അടക്കുകയും തുറക്കുകയും ചെയ്യാം. സ്റ്റേഷൻപരിധിക്കുള്ളിലുള്ള ഗേറ്റുകൾ അതതുസ്റ്റേഷൻ മാസ്റ്റർമാർമാരും സ്റ്റേഷനുകളുടെ പരിധിക്കു പുറത്തുള്ളതിന്റെ ഓപറേഷൻ എൻജിനീയറിങ് വിഭാഗവുമാണ് നടത്തുന്നത്.
ഏറ്റവും തിരക്കേറിയ 29 ലെവൽ ക്രോസുകൾ ആധുനിക രീതിയിലേക്ക് മാറ്റാനുള്ള നടപടിയാണ് റെയിൽവേ കൈക്കൊള്ളുന്നത്. അതേസമയം, കടലുണ്ടി മേൽപാലം സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ഇപ്പോഴും തടസ്സപ്പെട്ടുകിടക്കുകയാണ്. സംസ്ഥാന ബജറ്റിൽ 10 കോടി വകയിരുത്തി
64 കോടിയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമർപ്പിച്ചിട്ട് മൂന്നു വർഷമായി. മൂന്ന് വ്യത്യസ്ഥ രീതിയിലുള്ള രൂപരേഖയും സമർപ്പിച്ചിട്ടുണ്ട്. കടലുണ്ടിയിലെ ജനസാന്ദ്രത കൂടിയ പ്രദേശമാണ് റെയിൽവേ ലൈനിന്റെ പടിഞ്ഞാറു ഭാഗം. മേൽപാലം, പ്രദേശവാസികളുടെ ചിരകാലാഭിലാഷമായി നിലകൊള്ളുമ്പോഴും ബന്ധപ്പെട്ടവർ മുഖം തിരിച്ചു നിൽക്കുന്നുവെന്നതാണ് വസ്തുത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.