ഇനിയും വന്നില്ല നഗരത്തിൽ ആധുനിക അറവുശാല
text_fieldsകോഴിക്കോട്: നഗരത്തിൽ ആധുനിക അറവുശാല നിർമിക്കാൻ നഗരസഭ ആലോചന തുടങ്ങി 10 കൊല്ലത്തിലേറെയായെങ്കിലും ഇതുവരെ യാഥാർഥ്യമായില്ല. മാംസക്കച്ചവടക്കാരും നാട്ടുകാരും തൊഴിലാളികളും നിരന്തരം ആവശ്യപ്പെടുന്നതാണ് ആധുനിക അറവുശാല.
ശാസ്ത്രീയമായ അറവിന് സൗകര്യമില്ലാത്തതിനാൽ വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് കോടതി നഗരത്തിൽ അറവ് നിരോധിക്കുകപോലുമുണ്ടായി. അറവുശാല ഉടൻ യാഥാർഥ്യമാവുമെന്ന് അന്ന് കോടതിയിൽ നൽകിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.
നിയമപരമായി അറവിന് മുമ്പും ശേഷവും ഡോക്ടര്‍മാര്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയാൽ മാത്രമേ ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവൂ എന്നാണ് 2011ലെ ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്നത്. ഇക്കാര്യമാണ് ഇതുവരെ നഗരത്തിൽ നടപ്പാക്കാനാവാത്തത്.
അറവുശാല വന്നാൽ പരിശോധനയും ഗുണനിലവാരം ഉറപ്പാക്കാനാവും. ഇപ്പോൾ നഗരത്തിൽ പലയിടത്തായാണ് അറവ് നടക്കുന്നത്. അറവുശാല വരുന്നതോടെ മാലിന്യം ഒരിടത്തുതന്നെ സംസ്കരിക്കാനും കൃത്യമായ പരിശോധന നടത്തി ആരോഗ്യസുരക്ഷ ഉറപ്പാക്കാനുമാവും.
കോർപറേഷൻ ഉടമസ്ഥതയിൽ കോതിയിലുള്ള ഒരേക്കറിലേറെ സ്ഥലത്ത് അറവുശാല നിര്‍മിക്കാനാണ് തീരുമാനം. എന്നാൽ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീരമേഖലയില്‍ അറവുശാല വന്നാല്‍ ഞെളിയന്പറമ്പിെൻറ അവസ്ഥ വരുമെന്ന ഭീതി നാട്ടുകാർക്കുണ്ട്. അറവുശാല കോതിയിൽ വരുന്നതിനെതിരെ പ്രതിഷേധവും സജീവമാണ്.10 കോടിയുടെ നഗരസഭ മുന്നോട്ടുവെച്ച അറവുശാല പദ്ധതി കിഫ്ബി സഹായം ഉപയോഗിച്ച് പണിയാൻ അനുമതി ലഭിച്ചതാണ്.
സാേങ്കതിക അനുമതികൾ നേടി പദ്ധതിക്ക് ടെൻഡർ വിളിക്കുകയാണ് ഇനി വേണ്ടത്. നഗരസഭ 2019ലാണ് കിഫ്ബിക്ക് ഡി.പി.ആർ നൽകിയത്. മൊത്തം 9.2 കോടിയിൽ 7.5 കോടി കിഫ്ബിയിൽനിന്ന് ലഭ്യമാക്കുകയാണ് ലക്ഷ്യം.കോതിയിലെ ഒരേക്കർ സ്ഥലത്ത് ആധുനിക അറവുശാലക്കുള്ള ഡി.പി.ആർ ആണ് കിഫ്ബിക്ക് നൽകിയത്. കാലികൾക്കുള്ള വിശ്രമസ്ഥലം, ആടുകൾക്കുള്ളയിടം, മാലിന്യം സംസ്കരിക്കാനുള്ള പ്ലാൻറ്, മണ്ണിര കേമ്പാസ്റ്റ് ശാല, ജീവനക്കാർക്കുള്ള ക്വാർേട്ടഴ്സ്, ദിവസം 100 എം.എൽ.ഡി മലിനജലം സംസ്കരിക്കുന്ന പ്ലാൻറ് തുടങ്ങിയവയെല്ലാം ലക്ഷ്യമിടുന്നു.
രക്തം, തൊലി, തല, കൈകാലുകൾ എന്നിവ സൂക്ഷിക്കാനും സംസ്കരിക്കാനും പ്രത്യേക സൗകര്യമൊരുക്കും. വലിയ ശീതീകരണ സംവിധാനം, വിപുലമായ ഓവുചാലുകൾ എന്നിവയുമുണ്ടാവും. ദിവസം 100 മൃഗങ്ങളെയും 25 മുതൽ 50 വരെ ചെറുമൃഗങ്ങളെയും കശാപ്പുചെയ്യാനാവുന്നതാണ് അറവുശാല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.