മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് ശോച്യാവസ്ഥയിൽ
text_fieldsകോഴിക്കോട്: മേൽക്കൂരയുണ്ടെങ്കിലും മഴ നനയാതിരിക്കാൻ കുട ചൂടണം. വെള്ളം കെട്ടിനിൽക്കുന്ന നിലം.
അടർന്നുവീഴുന്ന സീലിങ്. കത്താത്ത ലൈറ്റുകൾ. ഇന്റർലോക്കുകൾ ഇളകി വൃത്തിഹീനമായി കിടക്കുന്നു. മലമൂത്ര വിസർജനത്തിന്റെ ദുർഗന്ധം മറ്റൊരുഭാഗത്ത്. മിഠായിത്തെരുവിലെതിനേക്കാൾ തകൃതിയായ തെരുവു വ്യാപാരവും ബഹളവും. ബസ് കാത്തിരിക്കുന്നതിനിടെ ഒന്നിരിക്കണം എന്ന് വിചാരിച്ചാൽ അതും നടക്കില്ല, ഇരിപ്പിടങ്ങൾ ഭൂരിഭാഗവും ഇളകി മാറിയിട്ടുണ്ട്.
പറഞ്ഞുവരുന്നത് പുതിയ ബസ് സ്റ്റാൻഡ് എന്ന് ആളുകൾ പറയുന്ന മൊഫ്യൂസിൽ ബസ് സ്റ്റാൻഡിനെക്കുറിച്ചാണ്. ഏറെ ഭീകരമാണ് രാപ്പകൽ വ്യത്യാസമില്ലാതെയുള്ള സാമൂഹിക വിരുദ്ധരുടെ വിളയാട്ടം. മാസം തോറും ലക്ഷങ്ങൾ വാടകയിനത്തിൽ കൈപ്പറ്റുന്ന കറവപ്പശുവാണെങ്കിലും ആയിരക്കണിക്കിന് യാത്രക്കാർ ദിനംപ്രതി വന്നുപോവുന്ന ബസ് സ്റ്റാൻഡിലേക്ക് കോർപറേഷൻ അധികാരികൾ വന്നുനോക്കാറില്ല. പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും നിർജീവമാണെന്നും സ്റ്റാൻഡിലെ വ്യാപാരികളും ബസ് ജീവനക്കാരും പറയുന്നു. സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായിട്ടും കണ്ണടച്ച ലൈറ്റുകൾ തെളിയിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
അതിനാൽതന്നെ ഇരുട്ടിയാൽ സ്ത്രീകൾക്കും കുട്ടികൾക്കും ബസ് സ്റ്റാൻഡിലൂടെ കടന്നുപോവാൻ കഴിയില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കോർപറേഷനിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നും എടുത്തിട്ടില്ലെന്ന് വ്യാപാരികളും ബസ് ഓപറേറ്റേഴ്സ് അസോസിയേഷനും പറയുന്നു. കഴിഞ്ഞ ആഴ്ച സീലിങ് പൊളിഞ്ഞുവീണത് വാർത്തയായിട്ടും അധികാരികൾ കുലുങ്ങിയിട്ടില്ല. പരസ്യ ബോഡുകൾ സ്ഥാപിച്ചിരുന്ന സ്വകാര്യ കമ്പനി പിന്മാറിയതോടെ ബസ് സ്റ്റാൻഡിൽ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. ലൈറ്റുകൾ ഒരെണ്ണം പോലും കത്തില്ല. ശുചീകരണവും അവതാളത്തിലായി. രാത്രി ഒമ്പത് വരെ മാത്രമാണ് ശുചിമുറി തുറക്കുക. അതിന് ശേഷമെത്തുന്ന സാമൂഹിക വിരുദ്ധർ സ്റ്റാൻഡിൽ തന്നെ കാര്യം സാധിക്കും. ഇത് ദുർഗന്ധത്തിന് ഇടയാക്കുന്നു.
വ്യാപാരികൾക്ക് ശുചിമുറി ഇല്ല
സ്റ്റാൻഡിൽ വാടക കൊടുക്കുന്ന വ്യാപാരികൾക്ക് പ്രാഥമികാവശ്യത്തിന് പോവണമെങ്കിലും പൊതു ശുചിമുറിയിൽ പണം കൊടുക്കണം. സ്വകാര്യ കെട്ടിടങ്ങൾക്ക് ലൈസൻസിന് ശുചിമുറി നിർബന്ധമാണെന്ന് പറയുന്ന കോർപറേഷൻ, വാടകക്ക് കൊടുക്കുന്ന കെട്ടിടത്തിൽ വ്യാപാരികൾക്കും ജീവനക്കാർക്കും ഉപയോഗിക്കാൻ ശുചിമുറി സൗകര്യം ഏർപ്പെടുത്തിയിട്ടില്ല. ജീവനക്കാർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ റോഡ് മുറിച്ചുകടന്ന് മർകസ് പള്ളിയെയോ ഹോട്ടലുകളെയോ മാളുകളെയോ ആശ്രയിക്കണം. നിരവധി വനിത തൊഴിലാളികളാണ് ഇതുകാരണം ദുരിതമനുഭവിക്കുന്നത്. ബസ് സ്റ്റാൻഡിലെ ലെവി പിരിക്കുന്നതിന് രണ്ടു വർഷത്തേക്ക് 62 ലക്ഷം രൂപക്കാണ് കേർപറേഷൻ ലേലത്തിന് കൊടുത്തത്. ശുചിമുറി 30 ലക്ഷത്തിനും. ഇതിന് പുറമേ വാടക ഇനത്തിൽ ലക്ഷങ്ങളാണ് ഓരോ മാസവും വ്യാപാരികളിൽനിന്ന് ലഭിക്കുന്നത്.
ഇതെല്ലാം വാങ്ങിവെക്കുന്നതല്ലാതെ തങ്ങളുടെ പരാതികൾ കോർപറേഷൻ പരിഗണിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. സ്റ്റാൻഡിൽ എ.ടി.എം കൗണ്ടർ സ്ഥാപിക്കണമെന്ന ആവശ്യവും ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല.
മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ബസ് സ്റ്റാൻഡ് നവീകരിക്കുമെന്ന് പറയുന്നതല്ലാതെ ഫണ്ട് വകയിരുത്താൻ കോർപറേഷൻ തയാറായിട്ടില്ല. ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ നിരവധി തവണ കോർപറേഷന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ, നവീകരണത്തിന് പദ്ധതി ആവിഷ്കരിച്ചിട്ടില്ലെന്നും വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.