മൊകേരി ശ്രീധരൻ വധം; ഭാര്യയടക്കം പ്രതികളെ വെറുതെ വിട്ടു
text_fieldsകോഴിക്കോട്: കുറ്റ്യാടി മൊകേരിയിലെ ശ്രീധരൻ വധക്കേസിൽ മുഴുവൻ പ്രതികളെയും മാറാട് അഡീഷനൽ സെഷൻസ് ജഡ്ജ് എസ്.ആർ. ശ്യാംലാൽ വെറുതെ വിട്ടു. ശ്രീധരന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന പശ്ചിമബംഗാൾ സ്വദേശി പരിമൾ ഹൽദാർ (52), ശ്രീധരന്റെ ഭാര്യ മൊകേരി വട്ടക്കണ്ടി മീത്തൽ ഗിരിജ (43), ഭാര്യാമാതാവ് കുണ്ടുത്തോട് വലിയപറമ്പത്ത് ദേവി (67) എന്നിവരെയാണ് വെറുതെ വിട്ടത്.
2017 ജൂലൈ എട്ടിനാണ് ശ്രീധരൻ മരിച്ചത്. ഹൃദയാഘാതം എന്നമട്ടിൽ ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പ്രക്ഷോഭം നടത്തിയതോടെ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മറവ് ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്രീധരനെ വിഷം നൽകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് വ്യക്തമായതോടെ 2017 ആഗസ്റ്റ് മൂന്നിന് മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള തർക്കത്തിനൊടുവിൽ പരിമൾ ഹൽദാറിന്റെ നേതൃത്വത്തിൽ കൊലപാതകം നടത്തിയെന്നായിരുന്നു കേസ്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഐ.പി.സി 302 പ്രകാരമുള്ള കുറ്റമാണ് പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. മൂന്നു പ്രതികളുടെയും കുറ്റസമ്മതമൊഴി പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി പ്രതികളെ വിട്ടയക്കുകയായിരുന്നു.
ഒന്നാം പ്രതിയായ പരിമൾ ഹൽദാറിനുവേണ്ടി അഡ്വ. എം. മുഹമ്മദ് ഫിർദൗസും രണ്ടും മൂന്നും പ്രതികൾക്ക് വേണ്ടി അഡ്വ. എം.കെ. കൃഷ്ണമോഹനനും ഹാജരായി. കേസിൽ പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്ക് 38 സാക്ഷികളെ കോടതി വിസ്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.