മണിചെയിൻ മാതൃകയിൽ കണ്ണിചേർക്കൽ: ഏജൻറുമാരെ പൊലീസ് ചോദ്യം ചെയ്യും
text_fieldsകോഴിക്കോട്: മണിചെയിന്‍ മാതൃകയില്‍ ആളുകളെ കണ്ണിചേർത്ത് നിരവധിപേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച സംഭവത്തില്‍ ഏജൻറുമാരെ പൊലീസ് ചോദ്യം ചെയ്യും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മണിചെയിൻ ബിസിനസ് നടത്തിയ പാവമണി റോഡിലെ ബ്യൂട്ടി പാർലറിൽ കസബ പൊലീസ് പരിശോധന നടത്തി ലാപ്ടോപ്പുകളും രേഖകളും പിടികൂടിയതോടെയാണ് ചില ദുരൂഹതകൾ ഉയർന്നത്. മെഡിക്കൽ കോളജ് സ്വദേശി ജെയ്സണും ഭാര്യ ബുഷറയുമാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരെന്ന് കണ്ടെത്തി ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഏജൻറുമാരെയടക്കം ചോദ്യം ചെയ്യുന്നത്.
നിക്ഷേപകര്‍ക്ക് വന്‍ തുക വാഗ്ദാനം നല്‍കിയാണ് ഇവര്‍ അംഗങ്ങളാക്കിയതെന്നാണ് പൊലീസിന് ലഭ്യമായ വിവരം. 10,000 രൂപയാണ് അംഗമാവാന്‍ ആദ്യം സ്വീകരിക്കുന്നത്. അംഗമായവര്‍ക്ക് ഒരുവര്‍ഷത്തിനുശേഷം 12 ലക്ഷം രൂപവരെ ലഭിക്കുമെന്നാണത്രെ വാഗ്ദാനം. അംഗമാവുന്നവര്‍ക്ക് 10,000 രൂപയുടെ ഉൽപന്നങ്ങളും നല്‍കുന്നുണ്ട്. ഇവര്‍ മൂന്നുപേരെ ചേര്‍ക്കണം. ഇപ്രകാരം ചേര്‍ത്ത മൂന്നുപേര്‍ മറ്റു മൂന്നുപേരെ കൂടി ചേര്‍ക്കണം. ഇത്തരത്തില്‍ എട്ട് നിരവരെ ഒരംഗത്തിന് കീഴില്‍ എത്തിയാല്‍ 12 ലക്ഷം രൂപ കമീഷൻ ലഭിക്കുമെന്നാണ് വാഗ്ദാനം. വന്‍തുക മോഹിച്ച് നിരവധി പേര് ഇത്തരത്തില്‍ പലരെയും അംഗങ്ങളാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം.
200 രൂപ വിലയുള്ള ഭക്ഷ്യവസ്തുക്കളും പ്രോട്ടീന്‍ ഉൽപന്നങ്ങളും കമ്പനിയുടെ സ്റ്റിക്കർ പതിച്ച് 1800 രൂപക്ക് വിൽപന നടത്തുന്നതായും സൂചനയുണ്ട്. ഇക്കാര്യമെല്ലാം അന്വേഷിച്ചുവരുകയാണ്. അനധികൃതമായി മണിചെയിന്‍ ബിസിനസ് നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി സിറ്റി പൊലീസ് മേധാവി എ.വി. ജോർജിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുപിന്നാലെ സൗത്ത് അസി. കമീഷണർ പി. ബിജുരാജിന്റെ നിര്‍ദേശപ്രകാരമാണ് സ്ഥാപനത്തിൽ കസബ സി.ഐ എന്‍. പ്രജീഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി ലാപ്ടോപ് അടക്കം പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.