കാലവർഷം: സുരക്ഷാസംവിധാനങ്ങൾ ഒരുക്കി ഫിഷറീസ് വകുപ്പ്
text_fieldsബേപ്പൂർ: മഴക്കാലത്ത് പഴുതടച്ച സുരക്ഷാസംവിധാനങ്ങൾ ഒരുക്കി ജില്ലയിലെ ഫിഷറീസ് വകുപ്പ്. കടൽസുരക്ഷാ പ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനും ഫിഷറീസ് അധീനതയിലുള്ള ‘കാരുണ്യ’ മറൈൻ ആംബുലൻസിന് പുറമേ മൂന്നു ബോട്ടുകളും ഫൈബർ തോണിയും താൽക്കാലികമായി സജ്ജീകരിച്ചിട്ടുണ്ട്. 15 മറൈൻ റസ്ക്യൂ ഗാർഡ്മാർക്ക് പുറമേ 18 മറൈൻ സീ-റസ്ക്യൂ സ്ക്വാഡുകാരേയും പുതുതായി നിയമിച്ചിട്ടുണ്ട്. ഇവർക്ക് ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് അക്കാദമി കേന്ദ്രത്തിൽ പ്രത്യേക ദുരന്തനിവാരണ പരിശീലനങ്ങളും നൽകി.
സീ- ലൈഫ്ബോട്ട് ബേപ്പൂർ കേന്ദ്രീകരിച്ചും പുതിയാപ്പയിൽ ‘ഐശ്വര്യ’ ബോട്ടും കൊയിലാണ്ടി ‘ഐശ്വര്യ’ ബോട്ടും, ചോമ്പാൽ തുറമുഖത്ത് ‘എ.കെ.ജി’ എന്ന വള്ളവുമാണ് കടലപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കുന്നതിനുവേണ്ടി ഏർപ്പാട് ചെയ്തത്. ഇതിന് പുറമേ ബേപ്പൂരിൽ നാല് റസ്ക്യൂ ഗാർഡുമാരും അഞ്ച് റസ്ക്യൂ സ്ക്വാഡ് രക്ഷാപ്രവർത്തകരും പുതിയാപ്പയിലും കൊയിലാണ്ടിയിലും ഇത്പോലെ ഒമ്പതു വീതം സുരക്ഷാ പ്രവർത്തകരേയും ചോമ്പാലിൽ അഞ്ച് സുരക്ഷാപ്രവർത്തകരെയുമാണ് നിയമിച്ചിട്ടുള്ളത്. ഇവർക്ക് കടലപകടത്തിൽ പെടുന്നവരെ രക്ഷിക്കുന്നതിനും സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്നതിനും ലൈഫ് ജാക്കറ്റുകളും റബർ ബോയകളും ഒരുക്കിയിട്ടുണ്ട്.
ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്. തുറമുഖത്തെ കൺട്രോൾ റൂമുമായി മത്സ്യത്തൊഴിലാളികൾക്ക് ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാനും രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാനും ഫിഷറീസ്, പോർട്ട്, ഇന്ത്യൻനേവി. ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായി പ്രവർത്തനസജ്ജരായി കഴിഞ്ഞിട്ടുണ്ട്. ഫോൺ: 0495 2414074
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.