പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ കുറ്റിപ്പാല -ചേന്ദമംഗലൂർ റോഡിൽ കുഴിയടക്കൽ നാടകം
text_fieldsമുക്കം: പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ട റോഡിൽ പണി നടത്താതെ ക്വാറി മാലിന്യം കൊണ്ട് കുഴിയടച്ച് അധികൃതരുടെ പ്രഹസനം. കാലങ്ങളായി വികസന വിവേചനം മൂലം കാൽനട പോലും ദുഷ്കരമായ കുറ്റിപ്പാല - ചേന്ദമംഗലൂർ റോഡിലാണ് അധികൃതരുടെ കഴിയടക്കൽ നാടകം. റോഡ് നവീകരണത്തിനായി രണ്ടര കോടി രൂപ വകയിരുത്തുകയും മുഴുവൻ നടപടികളും പൂർത്തീകരിച്ച് മാസങ്ങൾക്ക് മുമ്പ് പ്രവൃത്തി ഉദ്ഘാടനവും നടത്തിയിരുന്നു. എന്നാൽ പ്രവൃത്തി തുടങ്ങിയില്ല. പത്തിലേറെ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെയും നൂറുകണക്കിന് കുടുംബങ്ങളുടേയും പ്രധാന ആശ്രയമായ റോഡ് മിക്കയിടത്തും പൊളിഞ്ഞ്, വലിയ കുഴികൾ രൂപപ്പെട്ട് യാത്ര ദുരിതമായി മാറിയിരിക്കുകയാണ്. പ്രതിഷേധം തണുപ്പിക്കാനുള്ള നീക്കമാണ് കുഴിയടക്കൽ. റോഡിലെ കുഴി അടക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് കൗൺസിലർ എ. അബ്ദുൽ ഗഫൂർ പറഞ്ഞു. നഗരസഭ ഭരണസമിതിയും കരാറുകാരും ഒത്തുകളിച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇത് കുറ്റിപ്പാല മുതൽ ചേന്ദമംഗലൂർ വരെയുള്ള പ്രദേശവാസികളോട് ചെയ്യുന്ന ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. റോഡിനനുവദിച്ച രണ്ടരക്കോടി രൂപ നിലവിലുണ്ടെന്നും മഴക്കാലമായതിനാലാണ് പ്രവൃത്തി ആരംഭിക്കാൻ കഴിയാത്തതെന്നും നഗരസഭാധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.