മത്സ്യബന്ധന മേഖലയിൽ കൂടുതല്‍ പദ്ധതികൾ
text_fieldsകോഴിക്കോട്: സമുദ്ര മത്സ്യബന്ധന മേഖലക്ക് കരുത്തേകാൻ കൂടുതല്‍ പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വർധിപ്പിക്കുക, കടലിലെ മത്സ്യസമ്പത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് മത്സ്യബന്ധന ക്ഷമത വർധിപ്പിക്കുക, ഗുണനിലവാരമുള്ള മത്സ്യം ഗുണഭോക്താക്കളിലെത്തിക്കുക, അതുവഴിയുള്ള മെച്ചപ്പെട്ട വരുമാനത്തിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക ഉന്നമനവും സുസ്ഥിരതയും ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിടുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.
പരമ്പരാഗത മത്സ്യബന്ധന മേഖലക്കൊപ്പംതന്നെ പ്രാധാന്യമുള്ള യന്ത്രവത്കൃത മത്സ്യബന്ധന മേഖലക്കായി സബ്സിഡി നിരക്കില്‍ സ്ക്വയർ മെഷ് വലകൾ, നിലവിലുള്ള തടി ബോട്ടുകളെ സ്റ്റീൽ ഹൾ ഉള്ള ബോട്ടുകളായി മാറ്റുന്ന പദ്ധതി, യന്ത്രവത്കൃത യാനങ്ങളില്‍ റഫ്രിജറേഷൻ യൂനിറ്റ്, സ്ലറി, ഐസ് യൂനിറ്റ്, ബയോ ടോയ്ലറ്റ് എന്നിവ സജ്ജമാക്കുന്നതിനുമുള്ള പദ്ധതികളാണ് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി മൗണ്ടഡ് ജി.പി.എസ്, ഇൻസുലേറ്റഡ് ഐസ് ബോക്സ് എന്നിവയും സബ്സിഡി നിരക്കില്‍ നല്കുന്നു.
കടലില്‍ മത്സ്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ് മത്സ്യബന്ധന ക്ഷമത കൂട്ടാനും ഗുണനിലവാരമുള്ള മത്സ്യം ഉപഭോക്താക്കളിലെത്തിക്കാനും ഇതുവഴി സാധിക്കും. പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ താല്പര്യമുള്ള മത്സ്യത്തൊഴിലാളികള്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ജൂൺ 24ന് വൈകീട്ട് അഞ്ചിന് മുമ്പായി കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലോ അടുത്തുള്ള മത്സ്യഭവന് ഓഫിസുകളിലോ നൽകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 0495 2383780.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.