മാലിന്യം നിറഞ്ഞ ഓടയിലെ കൊതുകുശല്യം; ഇരിക്കപ്പൊറുതിയില്ലാതെ വ്യാപാരികൾ
text_fieldsനരിക്കുനി: മാലിന്യം നിറഞ്ഞ ഓടയിൽ കൊതുകുകൾകൂടി പെരുകിയതോടെ വ്യാപാരികൾക്ക് ഇരിക്കപ്പൊറുതിയില്ലാതായി. കുമാരസ്വാമി രാജ റോഡിൽ നരിക്കുനി ടൗണിലെ തുറസ്സായി കിടക്കുന്ന ഓടയാണ് വ്യാപാരികൾക്കും നരിക്കുനി അങ്ങാടിയിലെത്തുന്ന ഉപഭോക്താക്കൾക്കും ദുരിതമായി മാറുന്നത്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിറഞ്ഞു കിടക്കുന്ന ഓടയിലെ മലിനജലം ഒഴുകുന്നതിന് പ്ലാസ്റ്റിക്കുകൾ തടസ്സമായി നിൽക്കുന്നതാണ് ഇവിടെ കൊതുകുകളുടെ വിഹാരകേന്ദ്രമാവാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വ്യാപാരികൾ ദുർഗന്ധം സഹിക്ക വയ്യാതിരിക്കുകയാണ്.
ഒരു കൈകൊണ്ട് മൂക്കുപൊത്തുകയും മറുകൈ കൊണ്ട് കൊതുകിനെ അടിക്കുകയും ചെയ്യണമെന്ന അവസ്ഥയിലാണവർ. ഡെങ്കിപ്പനിപോലുള്ള സാംക്രമിക രോഗങ്ങൾ പടരുന്നതിനിടെയാണ് ഇത്തരം രോഗങ്ങൾക്ക് വഴിമരുന്നിടം വിധം ഓട തുറസ്സായിരിക്കുന്നത്.
തൊട്ടടുത്ത ട്യൂഷൻ സെന്ററിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും കൊതുകുശല്യം ദുരിതമായിരിക്കുകയാണ്. പ്ലാസ്റ്റിക്ക് മാലിന്യ നിർമാർജനത്തിനെതിരെ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കുമ്പോഴും ഓടയിൽ മാലിന്യം തള്ളുന്നവർക്കെതിരെ ഒരു നടപടിക്കും മുതിരുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.