മോട്ടോർ പണിമുടക്കി: യാത്രക്കാരും ജീവനക്കാരും ദുരിതത്തിൽ
text_fieldsവടകര പഴയ ബസ് സ്റ്റാൻഡിലെ അടച്ചുപൂട്ടിയ ശുചിമുറി
വടകര: പഴയസ്റ്റാൻഡിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ മോട്ടോർ തകരാറിൽ സ്റ്റാൻഡിലെ ശുചിമുറി അടച്ചുപൂട്ടി. നഗരസഭാ കെട്ടിടത്തിലും വെള്ളമില്ല.
ദിനം പ്രതി നൂറുകണക്കിനാളുകൾ പ്രാഥമികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വടകര പഴയ ബസ് സ്റ്റാൻഡിലെ ശുചിമുറിയാണ് വെള്ളം നിലച്ചതോടെ അടച്ചുപൂട്ടിയത്. ശുചിമുറിയിലേക്ക് വെള്ളമെത്തുന്നത് നഗരസഭ കെട്ടിടമായ ദ്വാരക ബിൽഡിങ്ങിലെ കുഴൽക്കിണറിൽ നിന്നാണ്. ഇവിടത്തെ മോട്ടോർ തകരാറിലായതിനെ തുടർന്നാണ് ശുചി മുറി അടച്ചുപൂട്ടിയത്. ഇതോടൊപ്പം ദ്വാരക ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന വിവിധ ഓഫിസുകളിലെയും മറ്റും ജീവനക്കാരും പ്രയാസം അനുഭവിക്കുകയാണ്. ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്ന സ്ത്രീകളും കുട്ടികളും ബസ് ജീവനക്കാരും ശുചിമുറി അടച്ചിട്ടതോടെ ദുരിതത്തിലാണ്. ഒരാഴ്ചയോളമായി മോട്ടോർ തകരാറിലായിട്ട്.
മോട്ടോർ അറ്റകുറ്റപ്പണികൾ നടത്തി ജലവിതരണം നടത്താൻ നഗരസഭ ഇതേവരെ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാരിലും വ്യാപാരികളിലും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നഗരസഭ ശുചിമുറിക്കുപിന്നിലെ റോഡിൽ യാത്രക്കാർ കാര്യം സാധിക്കുന്നതിനാൽ വഴിയാത്രക്കാർ ദുരിതത്തിലാണ്. സമീപത്ത് സ്കൂളും പ്രവർത്തിക്കുന്നുണ്ട്. കാലപ്പഴക്കമേറെയുള്ള മോട്ടോർ മാറ്റിസ്ഥാപിച്ചാലേ ശാശ്വത പരിഹാരമാവുകയുള്ളൂ. നേരത്തെ പലതവണ അറ്റകുറ്റപ്പണി ചെയ്ത മോട്ടോർ വീണ്ടും നന്നാക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. സാങ്കേതിക കുരുക്കുകളും ടെൻഡർ നടപടികളുമൊക്കെ കഴിഞ്ഞ് പുതിയ മോട്ടോർ സ്ഥാപിക്കാൻ കാലതാമസമേറെയെടുക്കും. അടിയന്തര നടപടിയെന്ന തരത്തിൽ മോട്ടോർ സ്ഥാപിക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.