മോട്ടോർ വാഹന വകുപ്പ് പരിശോധന: 12 ബസുകൾക്കെതിരെ കേസ്
text_fieldsകോഴിക്കോട്: സ്കൂട്ടറിനു പിന്നിൽ ബസിടിച്ച് വേങ്ങേരിയിൽ ദമ്പതികൾ ദാരുണമായി മരിച്ചതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ബസുകൾ പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്. വിവിധയിടങ്ങളിൽ നടന്ന പരിശോധയിൽ 12 ബസുകൾക്കെതിരെ കേസെടുത്തെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ. ബിജുമോൻ പറഞ്ഞു.
മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഉദ്യോഗസ്ഥർ സ്ക്വാഡുകളായി തിരിഞ്ഞ് 92 സ്വകാര്യ ബസുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. അമിത വേഗം, അലങ്കാര ലൈറ്റുകൾ, വാതിൽ അടക്കാതെയുള്ള യാത്ര, മൊട്ട ടയറുകൾ ഉൾപ്പെടെയുള്ള നിയമലംഘനങ്ങളിലാണ് നടപടി സ്വീകരിച്ചത്. മാത്രമല്ല ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഡ്രൈവർമാരെ ബോധവത്കരിക്കുകയും ചെയ്തു.
വേങ്ങേരിയിൽ അപകടമുണ്ടാക്കിയത് ബസിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണെന്നാണ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് വ്യാപക പരിശോധന നടത്തിയത്. ബസുകളുടെ പരിശോധന ഒരാഴ്ച തുടരാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നിയമലംഘനങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും.
സ്ഥിരമായി അമിത വേഗത്തിൽ സർവിസ് നടത്തുന്ന ബസുകളുടെ പെർമിറ്റുകൾ റദ്ദാക്കുകയും ലഹരി ഉപയോഗിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടമുള്ള നടപടികളും സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.