കോഴിക്കോടിന് സാഹിത്യ നഗര പദവി നേടാൻ ഒന്നിച്ച് നീങ്ങും
text_fieldsകോഴിക്കോട്: സാഹിത്യ നഗര പദവി കോഴിക്കോടിന് ലഭിക്കാൻ കൂട്ടായി പരിശ്രമിക്കാൻ തീരുമാനം. ചൊവ്വാഴ്ച ചേർന്ന എഴുത്തുകാരടക്കമുള്ളവരുടെ വിപുലമായ ഓൺ ലൈൻ യോഗത്തിലാണ് തീരുമാനം. കോർപറേഷൻ, കില എന്നിവരുടെ ആഭിമുഖ്യത്തിലാണ് യോഗം. യുനസ്‌കോയുടെ സാഹിത്യ നഗര പദവി നേടാൻ ഇപ്പോൾ കോഴിക്കോട്ടുള്ള എല്ലാ അനുകൂല കാര്യങ്ങളും യോജിപ്പിച്ചാവണം ശ്രമമെന്ന് എഡിൻബർഗ് സിറ്റി ഓഫ് ലിറ്ററേച്ചർ ട്രസ്റ്റ് ഡയറക്ടർ അലി ബൗഡൻ ആവശ്യപ്പെട്ടു.
പ്രവർത്തനങ്ങൾക്ക് വേണ്ടി ഓഫിസ് വേണം. പ്രത്യേക സംഘവും ബജറ്റിൽ നീക്കിയിരിപ്പും ഉണ്ടാവണം. ജനങ്ങൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ ഓഫിസ് നിർബന്ധമാണ്. വിനോദ സഞ്ചാരം, സാഹിത്യ മേളകൾ എന്നിവയെല്ലാം സാഹിത്യ നഗര പദവിയുമായി ബന്ധിപ്പിക്കാനാവണം. പ്രാഗിലെ മുനിസിപ്പൽ ലൈബ്രറിയുമായി ബന്ധപ്പെട്ടാണ് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതെന്ന് അവിടത്തെ സാഹിത്യനഗര പദ്ധതിയുടെ മാനേജറായ കാതറിൻ ബാജോ അറിയിച്ചു.
സാമൂതിരിയുടെ നഗരത്തിന്റെ സിനിമ പാരമ്പര്യം, രചയിതാക്കൾ, എഴുത്തിന്റെ പാരമ്പര്യം തുടങ്ങിയവയെപ്പറ്റിയെല്ലാം വിവിധ മേഖലകളിലെ വിദഗ്ധർ സംസാരിച്ചു. സാഹിത്യ നഗര പദവി നേടാനായുള്ള പ്രാഥമിക പഠനങ്ങൾ നടത്തിയപ്പോൾതന്നെ കോഴിക്കോട്ട് അഞ്ഞൂറിലേറെ ലൈബ്രറിയും 70ഓളം പ്രസാധകരുമുണ്ടെന്ന് ബോധ്യപ്പെട്ടെന്ന് പ്രാഗ് സർവകലാശാലയിൽനിന്ന് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട്ടെത്തിയ ഗവേഷക ലുഡ്മില കൊളഷോവ അറിയിച്ചു.
വിവിധ സംസ്‌കാരങ്ങളുള്ളത് സാഹിത്യ മികവിന് നല്ലതാണെന്നും വൈവിധ്യങ്ങൾ മേളിക്കുന്ന കോഴിക്കോടിന്റെ സാധ്യത വളരെയധികമാണെന്നും മേയർ ഡോ. ബീന ഫിലിപ് പറഞ്ഞു. കവി സച്ചിദാനന്ദൻ, കെ.പി. രാമനുണ്ണി, ദീദി ദാമോദരൻ, സുഭാഷ് ചന്ദ്രൻ, വിദ്യാർഥിനികളായ ചാരുനൈനിക, ജി.എസ്. നിഹാരിക, കോഓർഡിനേറ്റർ കെ. സജീവ് കുമാർ, കിലയിലെ പ്രഫ. കെ. അജിത്, ഡോ. എസ്. നാഗേഷ്, ക്യാപ്റ്റൻ രമേഷ് ബാബു, ഡോ. ഔസഫ് അഹ്‌സൻ, ഐറിൻ ആൻ ആന്റണി തുടങ്ങി നിരവധി പേർ സംസാരിച്ചു. യുനെസ്‌കോയുടെ സാഹിത്യ നഗര പദവി (സിറ്റി ഓഫ് ലിറ്ററേച്ചര്‍) നേടുന്നതിന്‍റെ ഭാഗമായി വൻസാഹിത്യ പാരമ്പര്യമുള്ള പ്രാഗില്‍നിന്നുള്ള സഹായമാണ് തേടുന്നത്. ലോക സാഹിത്യനഗര ശൃംഖലയില്‍ ഉള്‍പ്പെടാന്‍ 2023ൽ കോഴിക്കോട് അപേക്ഷ നൽകുന്നതിന്‍റെ മുന്നോടിയായാണിത്.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) നേതൃത്വത്തിലുള്ള പദ്ധതിയാണ് കോർപറേഷൻ നടപ്പാക്കുന്നത്. യൂറോപ്പിൽ ഏറ്റവുമധികം പുസ്തകശാലകളുള്ള നഗരമാണ് പ്രാഗ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.