കെ.എസ്.ആർ.ടി.സിയുടെ ഭൂമി വിൽക്കാൻ നീക്കം തകൃതി
text_fieldsകോഴിക്കോട്: പൊതുമേഖല സ്ഥാപനമായ കെ.എസ്.ആർ.ടി.സിക്ക് നഗരത്തിൽ കണ്ണായ സ്ഥലത്തുള്ള കോടികൾ വിലമതിക്കുന്ന ഭൂമി കെ.ടി.ഡി.എഫ്.സിക്ക് കൈമാറാനുള്ള നടപടികൾ തകൃതിയായി നടക്കുന്നു. ഭൂമിക്ക് കൂടുതൽ വില ലഭിക്കുന്നതിനും ബാങ്ക് ലോൺ അടക്കമുള്ളവക്ക് തടസ്സം നേരിടാതിരിക്കാനും ഭൂമി ചതുപ്പുനിലത്തിൽനിന്ന് തരംമാറ്റാൻ തഹസിൽദാർക്ക് അപേക്ഷ കൊടുത്തിരിക്കുകയാണ് കെ.എസ്.ആർ.ടി.സി.
ഇതിൽ വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയാൽ ഉടൻ ഭൂമി തരംമാറ്റി നൽകും. ഷോപ്പിങ് കോംപ്ലക്സ് പ്രവർത്തനം ആരംഭിക്കാനും ഇത് അത്യാവശ്യമാണ്. എന്നാൽ, കെ.എസ്.ആർ.ടി.സിയുടെ ആസ്തി പതിയെ സ്വകാര്യ കരങ്ങളിലേക്ക് കൊണ്ടെത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്.
ടെർമിനൽ നിലനിൽക്കുന്നതും വഴിയുമടങ്ങുന്ന രണ്ടേകാൽ ഏക്കർ സ്ഥലമാണ് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടിരിക്കുന്നത്. ടെർമിനൽ നിലനിൽക്കുന്ന സ്ഥലം വിട്ടുനൽകാൻ നേരത്തേ കെ.എസ്.ആർ.ടി.സി തയാറായിരിന്നു.
എന്നാൽ, നിലവിൽ ബസ് സ്റ്റാൻഡിലേക്ക് ബസ് കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലങ്ങൾ കൂടി വിട്ടുകിട്ടണമെന്ന് കെ.ടി.ഡി.എഫ്.സി ശാഠ്യം പിടിച്ചതിനാലാണ് ഭൂമി കൈമാറ്റ നടപടികൾ വൈകിയത്. ടെർമിനൽ ബലപ്പെടുത്തുന്നതിനുള്ള സാധന സാമഗ്രികൾ കൊണ്ടുവരാനും തീപിടിത്തമോ മറ്റു സംഭവങ്ങളോ ഉണ്ടായാൽ അഗ്നിരക്ഷ സേനക്ക് കടന്നുവരണമെങ്കിലും ഷോപ്പിങ് കോംപ്ലക്സിനുള്ളിലേക്ക് വാഹനങ്ങൾ കയറ്റാനുള്ള വഴി വേണമെന്നായിരുന്നു കെ.ടി.ഡി.എഫ്.സിയുടെ വാദം.
അവസനാഘട്ട ചർച്ചയിൽ ഈ ഭൂമിയും വിട്ടുകൊടുക്കാൻ കെ.എസ്.ആർ.ടി.സി തയാറായതായാണ് വിവരം. എന്നാൽ, ഭാവിയിൽ ഭൂമിയും കെട്ടിടവും സ്വകാര്യ വ്യക്തികൾക്ക് വൻ വിലക്ക് വിൽക്കുന്നതിനുള്ള പഴുതടച്ച നീക്കമാണ് കെ.ടി.ഡി.എഫ്.സി നടത്തുന്നതെന്നാണ് ആക്ഷേപം.
കെ.എസ്.ആർ.ടി.സി.ക്ക് ഭൂമി എന്നന്നേക്കുമായി നഷ്ടപ്പെടുത്തുമെന്നും നിലവിലെ നീക്കുപോക്കുകൾ സമീപഭാവിയിൽ തന്നെ ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരടക്കം ആശങ്ക പങ്കുവെക്കുന്നുണ്ട്. നിലവിൽ കാൽക്കാശില്ലാതെ വട്ടംകറങ്ങുന്ന കെ.ടി.ഡി.എഫ്.സിക്ക് കെ.എസ്.ആർ.ടി.സി ടെർമിനൽ ബലപ്പെടുത്തുന്നതിനുള്ള 35 കോടി കണ്ടെത്തുന്നതിനാണ് ഭൂമി അടിയന്തരമായി കൈമാറുന്നത്.
എന്നാൽ, ഈ ലോൺ ആര് തിരിച്ചടക്കുമെന്ന് തൊഴിലാളി സംഘടനകൾ ചോദിക്കുന്നു. ലോൺ കുടിശ്ശികയാവുകയും ബാങ്ക് ലേലത്തിന് വെക്കുന്ന ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈക്കലാക്കാനുള്ള വഴികളുമാണ് സർക്കാർ തുറന്നുവെക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. വ്യാപാര സമുച്ചയം നിലവിൽ കുറഞ്ഞ വിലയ്ക്ക് ആലിഫ് ബിൽഡേഴ്സിന് 30 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്.
ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി, കെ.ടി.ഡി.എഫ്.സി പ്രതിനിധികൾ കഴിഞ്ഞ മാസം കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും വിലയിൽ തീരുമാനമായിരുന്നില്ല. ഇതോടെ ഇനി കലക്ടർ നിശ്ചയിക്കുന്ന വിലയിൽ ഭൂമി കൈമാറാനാണ് തീരുമാനം. ഭൂമി തരം മാറ്റിക്കഴിഞ്ഞാൽ ഉടൻ കൈമാറ്റവും നടക്കുമെന്നാണ് അധികൃതരിൽനിന്ന് ലഭിക്കുന്ന സൂചന.
ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമിച്ച കെട്ടിടത്തിന്റെ ചെലവ് വാടകയിനത്തിൽ തിരിച്ചുകിട്ടിയാൽ കെ.ടി.ഡി.എഫ്.സി കെട്ടിടം തിരിച്ചുനൽകുമെന്ന വ്യവസ്ഥയിലാണ് വി.എസ് സർക്കാറിന്റെ കാലത്ത് കെ.എസ്.ആർ.ടി.സി ഭൂമി വിട്ടുകൊടുത്തത്. എന്നാൽ, ഇന്ന് കെ.എസ്.ആർ.ടി.സിയുടെ ഭൂമികൂടി അപഹരിക്കാനാണ് കെ.ടി.ഡി.എഫ്.സിയുടെ നീക്കമെന്നാണ് ആരോപിക്കപ്പെടുന്നത്.
പ്രതിപക്ഷ തൊഴിലാളി യൂനിയൻ പ്രതിഷേധവുമായി രംഗത്തുള്ളപ്പോഴാണ് ഭൂമി വിൽപന നടപടികളുമായി സർക്കാർ മുന്നോട്ടുപോവുന്നത്. അങ്കമാലി, തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിലെ കെ.എസ്.ആർ.ടി.സി ഭൂമിയും കെ.ടി.ഡി.എഫ്.സിക്ക് കൈമാറാൻ തീരുമാനമെടുത്തിട്ടുണ്ട്. ഇതിൽ ആദ്യത്തേതാണ് കോഴിക്കോട്ടേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.