എം.കെ. രാഘവൻ എം.പി സതേൺ റെയിൽവേ ജനറൽ മാനേജറുമായി കൂടിക്കാഴ്ച നടത്തി
text_fieldsകോഴിക്കോട്: പാസഞ്ചർ ട്രെയിനുകളുടെ റദ്ദാക്കലും പുതുക്കിയ സമയക്രമവും മൂലമുണ്ടായ യാത്രാദുരിതം പരിഹരിക്കുമെന്ന് സതേൺ റെയിൽവേ. പുതിയ സർവിസുകൾ ആരംഭിക്കൽ, സ്റ്റോപ് അനുവദിക്കൽ ഉൾപ്പെടെയുള്ള റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സംബന്ധിച്ച് എം.കെ. രാഘവൻ എം.പി സതേൺ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങുമായി ചെന്നൈ സതേൺ റെയിൽവേ ഹെഡ്ക്വട്ടേഴ്സിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുമെന്നും സ്പെഷൽ ട്രെയിൻ സർവിസ് ആരംഭിക്കുന്ന വിഷയം പരിഗണിക്കുമെന്നും ജനറൽ മാനേജർ എം.പിയെ അറിയിച്ചത്.
ട്രാക്ക് അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി 06496 കോഴിക്കോട്-ഷൊർണൂർ ട്രെയിൻ പൂർണമായി റദ്ദാക്കുകയും 06495 തൃശ്ശൂർ-കോഴിക്കോട് ട്രെയിൻ ഷൊർണൂർ മുതൽ കോഴിക്കോട് വരെ സർവിസ് നിർത്തലാക്കുകയും 06455 ഷൊർണൂർ കോഴിക്കോട് എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകിക്കുകയും ചെയ്തിരുന്നു. ഈ ക്രമീകരണം കോഴിക്കോട്, മലപ്പുറം പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരെയും വിദ്യാർഥികളെയും സീസൺ ടിക്കറ്റിൽ സ്ഥിരമായി യാത്ര ചെയ്യുന്നവരുൾപ്പെടെയുള്ള യാത്രക്കാരെയും തീർത്തും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഈ നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്ന് എം.പി പറഞ്ഞു.
കടലുണ്ടി, ഫറോക്ക് റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം എം.പി ഉന്നയിച്ചു. കടലുണ്ടിയിൽ ആലപ്പുഴ കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് (16307 /16308 ), മലബാർ എക്സ്പ്രസ് (16630 /629), മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ് (16347 /348 ) എന്നീ ട്രെയിനുകൾക്കാണ് കടലുണ്ടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ബംഗളൂരു-കണ്ണൂർ ട്രെയിൻ കോഴിക്കോടുവരെ നീട്ടുന്ന വിഷയം വീണ്ടും ഉന്നയിച്ചു.
മലബാർ, മാവേലി എക്പ്രസ് ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് എ.സി കോച്ചുകൾ കൂട്ടാനുള്ള നടപടിയെയും യോഗത്തിൽ എം.പി എതിർത്തു. ജനപ്രിയ സർവിസുകളായ മാവേലി മലബാർ എക്സ്പ്രസുകളിൽ റെയിൽവേയുടെ ഈ നടപടി സാധാരണക്കാരായ യാത്രക്കാർക്ക് എതിരാണെന്നും, എ.സി കോച്ചുകളെക്കാൾ ആവശ്യകത കൂടുതലുള്ള സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറക്കുന്നത് സാധാരണക്കാരോടുള്ള റെയിൽവേയുടെ വെല്ലുവിളി ആണെന്നും എം.പി പറഞ്ഞു.
ചെന്നൈ-മംഗലാപുരം റൂട്ടിലെ യാത്രാദുരിതം പരിഗണിച്ച് വെള്ളിയാഴ്ചകളിൽ ചെന്നൈയിൽനിന്ന് പാലക്കാട് കോഴിക്കോട് വഴി മംഗലാപുരം വരെയും ഞായറാഴ്ചകളിൽ മംഗലാപുരത്തുനിന്ന് കോഴിക്കോട്-പാലക്കാട് വഴി ചെന്നൈയിലേക്കുമാണ് സ്പെഷൽ സർവിസ് ആരംഭിക്കാമെന്ന് ജനറൽ മാനേജർ അറിയിച്ചത്. നിലവിലുള്ള 12601/12602 ചെന്നൈ-മംഗലാപുരം മെയിലിന്റെ കോച്ചുകൾ എൽ.എച്ച്.ബി കോച്ചുകളായി പരിഷ്കരിക്കുമെന്നും ജനറൽ മാനേജർ എം.പിയെ അറിയിച്ചു. കൂടിക്കാഴ്ചയിൽ എം.പിക്കും ജനറൽ മാനേജർക്കും പുറമേ പാസഞ്ചർ അസോസിയേഷൻ സെക്രട്ടറി അൻവറും പങ്കെടുത്തതായി എം.പി വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.