പുതുമോടിയിൽ സി.എച്ച് മേൽപാലം
text_fieldsനവീകരണപ്രവൃത്തി പൂർത്തിയാക്കിയ കോഴിക്കോട് സി.എച്ച് മേല്പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.
വികസന പ്രവർത്തനത്തിന് മാതൃകയാകുന്ന സഹന കൂട്ടായ്മയായി സി.എച്ച് മേൽപാലത്തിന്റെ പ്രവൃത്തി മാറിയതായി മന്ത്രി പറഞ്ഞു. സഹകരിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. നിശ്ചയിച്ച സമയത്തേക്കാളും നേരത്തെ പാലത്തിന്റെ പ്രവൃത്തി പൂർത്തിയാക്കാനായി. കോഴിക്കോട് നഗരം ടൂറിസ്റ്റ് സിറ്റിയായി മാറുകയാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ആകർഷകമാകുന്ന തരത്തിൽ പാലങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്നു. എ.കെ.ജി മേൽപാലം ഉൾപ്പെടെയുള്ള പാലങ്ങളുടെ പുനരുദ്ധാരണവും നവീകരണവും നടത്തും.
ഫറോക്ക് പഴയ പാലം പാരിസ് മോഡലിൽ ദീപാലംകൃതമാക്കി 2024ൽ കോഴിക്കോടിന് സമ്മാനമായി നൽകുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചു. കോരപ്പുഴ പാലവും ദീപാലംകൃതമാക്കുമെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. 4.47 കോടി രൂപയുടെ നവീകരണ പ്രവർത്തനമാണ് മേൽപാലത്തിൽ പൂർത്തിയാക്കിയത്. കൈവരികൾ പൂർണമായി മാറ്റി. തുരുമ്പെടുക്കാതിരിക്കാനുള്ള കാത്തോഡിക് സുരക്ഷയുമൊരുക്കി. ഇതിലൂടെ 15-30 വർഷത്തോളം പാലം ബലത്തോടെ നിൽക്കുമെന്നാണ് കണക്കാക്കുന്നത്. തൂൺ ബലപ്പെടുത്തൽ, ടാറിങ്, പെയിന്റിങ് എന്നിവയെല്ലാം ചെയ്തു.
മുംബൈ ആസ്ഥാനമായ ‘സ്ട്രക്ചറൽ സ്പെഷാലിറ്റീസാണ് പ്രവൃത്തി പൂർത്തീകരിച്ചത്. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ, പൊതുമരാമത്ത് വിഭാഗം ബ്രിഡ്ജസ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സി.എസ്. അജിത്, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ എൻ.വി. ഷിനി, അസി. എൻജിനീയർമാരായ കെ.എസ്. അരുൺ, വി. അമൽജിത്, ഓവർസിയർ പി.ടി. ജിതിൻ, വിവിധ രാഷ്ട്രീയപാർട്ടി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.