മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം; പൊലീസ് അനാസ്ഥക്കെതിരെ കുടുംബം
text_fieldsകോഴിക്കോട്: പ്രമുഖ ബിസിനസുകാരനായ മുഹമ്മദ് ആട്ടൂരിനെ (മാമി) കാണാതായി പത്തു മാസങ്ങൾ പിന്നിട്ടിട്ടും പൊലീസ് ഇരുട്ടിൽ തപ്പുന്നതിൽ പ്രതിഷേധവുമായി കുടുംബം. കാണാതായതിന്റെ പിറ്റേന്ന് തന്നെ നടക്കാവ് സ്റ്റേഷനിൽ പരാതി നൽകിയതായി ഭാര്യ റംലത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പലതവണ പൊലീസ് സ്റ്റേഷനിൽ പോയി അന്വേഷണ പുരോഗതികൾ വിലയിരുത്തുകയും ചെയ്തു.
ഇന്ന് വരും, നാളെ വരും എന്ന് പൊലീസ് നൽകിയ ഉറപ്പിൽ വിശ്വസിച്ചാണ് മറ്റു നടപടികളിലേക്ക് പോകാതിരുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാട് നടത്തിയിരുന്ന ഭർത്താവിന് വലിയ സുഹൃദ് വലയം ഉണ്ടായിരുന്നു. ഉന്നതന്മാർക്ക് ഇതുമായി ബന്ധമുണ്ടെന്നും അതിനാലാണ് സത്യം പുറത്തുവരാത്തതെന്നും അവർ പറഞ്ഞു. തങ്ങളുടെ പിതാവിനെ ഏതുവിധേനയും കണ്ടുപിടിച്ചുതരണമെന്ന് മക്കളായ അദിബ നൈന, റഹ്ന എന്നിവർ ആവശ്യപ്പെട്ടു.
പിതാവിനെ തട്ടിക്കൊണ്ടുപോയത് ഒട്ടേറെ സി.സി ടി.വികളുള്ള ഇടത്തുനിന്നാണ്. ഇത് ദുരൂഹത വർധിപ്പിക്കുന്നു. മാമിയുടെ തിരോധാനം കഴിഞ്ഞ് ഉടനെയുള്ള വിലപ്പെട്ട മണിക്കൂറുകൾ പൊലീസ് നഷ്ടപ്പെടുത്തിയെന്നും വസ്തുതകൾക്ക് പിന്നാലെ പോകാതെ ആരോപണങ്ങൾക്ക് പിന്നാലെ പോയതാണ് അന്വേഷണം വഴിമുട്ടാൻ ഇടയാക്കിയതെന്നും സഹോദരി റംല ആരോപിച്ചു.
കാണാതായ ആദ്യനാളുകളിൽ കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ പ്രചാരണങ്ങൾ നടത്തി അന്വേഷണത്തെ വഴി തെറ്റിച്ചത് സന്തത സഹചാരികളായ ചിലർ തന്നെയായിരുന്നുവെന്ന് മാമി തിരോധാന ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. നഗരത്തിൽനിന്ന് പ്രമുഖ ബിസിനസുകാരനെ കാണാതായിട്ട് പൊലീസ് ഗൗരവത്തിലെടുക്കാതിരിക്കുന്നത് നഗര സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണ്.
മാമി കേസിൽ സുപ്രധാന തെളിവുകൾ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗൂഢാലോചന നടത്തിയവരെ കസ്റ്റഡിലെടുത്ത് അന്വേഷണം നടത്തണമെന്നും ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ആക്ഷൻ കമ്മിറ്റി അംഗങ്ങളായ കെ.എം. ബഷീർ, ടി.പി.എം. ഹാഷിർ അലി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.