നാലാം വട്ടവും മുക്കം മുഹമ്മദ് എൻ.സി.പി കോഴിക്കോട് ജില്ല പ്രസിഡന്‍റ്
text_fields: ചേരിപ്പോര് രൂക്ഷമായതിനിടയിൽ നടന്ന എൻ.സി.പി ജില്ല പ്രസിഡന്‍റ് വോട്ടെടുപ്പിൽ നിലവിലെ പ്രസിഡന്‍റ് മുക്കം മുഹമ്മദിന് മിന്നുംജയം. 37നെതിരെ 90 വോട്ട് നേടിയാണ് മുക്കം മുഹമ്മദ് നാലാം തവണയും ജില്ല പ്രസിഡന്‍റായത്. കോൺഗ്രസിൽനിന്ന് രാജിവെച്ച് അടുത്തിടെ എൻ.സി.പിയിലെത്തിയ അഡ്വ. പി.എം. സുരേഷ് ബാബു ജില്ല നേതൃത്വം പിടിക്കാൻ ചരടുവലി നടത്തിയതാണ് പ്രസിഡന്‍റ് പദവിയിലേക്ക് വോട്ടെടുപ്പിനിടവരുത്തിയത്.
ഇതോടെ ഔദ്യോഗികപക്ഷത്തിന്‍റെ സ്ഥാനാർഥിയായി മുക്കം മുഹമ്മദും സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. പി.എം. സുരേഷ് ബാബു പക്ഷത്തിന്‍റെ സ്ഥാനാർഥിയായി ജില്ല നിർവാഹകസമിതി അംഗമായിരുന്ന അഡ്വ. പി. ചാത്തുവും മത്സരത്തിനിറങ്ങുകയായിരുന്നു.പത്ത് ബ്ലോക്കിൽനിന്നുള്ള അംഗങ്ങളും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരുമടക്കം 132 വോട്ടർമാരിൽ 127 പേരാണ് ശനിയാഴ്ച വി.കെ. കൃഷ്ണമോനോർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വോട്ടെടുപ്പിൽ പങ്കെടുത്തത്.
പാർട്ടിയുടെ ജില്ല വൈസ് പ്രസിഡന്‍റുമാരായി ടി.പി. വിജയൻ, ജോൺ അഗസ്റ്റിൻ, പ്രകാശ് കറുത്തേടത്ത് എന്നിവരെയും ട്രഷററായി ടി.വി. ബാലകൃഷ്ണനെയും ധാരണയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തു. ഇതിൽ ജോൺ അഗസ്റ്റിൻ പി.എം. സുരേഷ് ബാബു വിഭാഗത്തിൽനിന്നുള്ളയാളാണ്. 21 ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ഇനി ഒമ്പത് ജനറൽ സെക്രട്ടറിമാരെ ജില്ല പ്രസിഡന്‍റ് നോമിനേറ്റ് ചെയ്യും.
പതിറ്റാണ്ടിലേറെയായി ജില്ല പ്രസിഡന്‍റ് പദവിയിൽ തുടരുന്ന മുക്കം മുഹമ്മദ് മൂന്നുതവണ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റും ജില്ല പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായിട്ടുണ്ട്. നിലവിൽ ജില്ല പഞ്ചായത്ത് അംഗവും എൽ.ഡി.എഫ് ജില്ല കൺവീനറുമാണ്. തെരഞ്ഞെടുപ്പിനുശേഷം ജില്ല പ്രസിഡന്‍റ് മുക്കം മുഹമ്മന്‍റെ അധ്യക്ഷതയിൽ ചേർന്ന പ്രഥമ യോഗത്തിൽ അഡ്വ. പി.എം. സുരേഷ് ബാബു, എം. ആലിക്കോയ, പ്രഫ. ജോബ് കാട്ടൂർ, ഒ. രാജൻ, പി. സുധാകരൻ, അഡ്വ. എം.പി. സൂര്യനാരായണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.