മുക്കത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം; മുഖ്യപ്രതിയടക്കം നാലു പേർ അറസ്റ്റിൽ
text_fieldsമുക്കം: തമിഴ്നാട്ടിലുള്ള കാമുകെൻറ അടുത്ത് എത്തിക്കാമെന്ന് വാഗ്ദാനം നൽകി പതിമൂന്നു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യപ്രതിയടക്കം നാലു പേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ സുഹൃത്തായ മുഖ്യ പ്രതി മണാശ്ശേരി സ്വദേശി മിഥുൻ രാജ്(24), ചാത്തമംഗലം മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23), പെൺകുട്ടിയുടെ കാമുകനായ തമിഴ്നാട് ഹൊസൂർ കാമരാജ്‌നഗർ സ്വദേശി ധരണി(22) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം. മുക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടി മാസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കർണാടക- തമിഴ്നാട് അതിർത്തി പ്രദേശമായ ഹുസൂരിലെ കാമരാജ്നഗർ സ്വദേശിയായ ധരണിയുമായി പ്രണയത്തിലായിരുന്നു. ധരണിയെ കാണാനായി ഹുസൂരിലേക്ക് പോകാൻ പെൺകുട്ടി സുഹൃത്തായ മണാശ്ശേരി സ്വദേശി മിഥുൻ രാജിെൻറ സഹായം തേടുകയായിരുന്നു. എന്നാൽ ഹുസൂരിൽ എത്തിക്കാമെന്ന് പറഞ്ഞ് മിഥുൻരാജ് പെൺകുട്ടിയെ രണ്ടാം തീയതി പുലർച്ചെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ട് വന്ന ശേഷം മണാശ്ശേരിയിലുള്ള സ്വകാര്യ മെഡിക്കൽ കോളജിെൻറ പാർക്കിങ് ഗ്രൗണ്ടിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.
ശേഷം മിഥുൻ മറ്റു രണ്ടു കൂട്ടുകാരെയും കൂട്ടി പെൺകുട്ടിയെ ഹുസൂർ ബസ്സ്റ്റാൻഡിൽ എത്തിച്ചതിന് ശേഷം കടന്നുകളയുകയായിരുന്നു. ഹുസൂരിലെത്തിയ പെൺകുട്ടി കാമുകനായ ധരണിയോടൊപ്പം പോവുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയുടെ വീട്ടുകാർ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മുക്കം പൊലീസിൽ പരാതി നൽകി. തുടർന്ന് സൈബർ സെല്ലിൻ്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ പെൺകുട്ടി ഹുസൂരിലെത്തിയതായി മനസ്സിലായി. തുടർന്ന് മുക്കം പൊലീസ് ഇൻസ്‌പെക്ടർ ബി.കെ സിജുവിെൻറ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹുസൂരിലേക്ക് പുറപ്പെടുകയായിരുന്നു.
ക്വട്ടേഷൻ സംഘങ്ങൾ യഥേഷ്ടം വിളയാടുന്ന ഹുസൂറിലെ കൃഷ്ണഗിരി ജില്ലയിൽപ്പെടുന്ന കാമരാജ് നഗറിൽ നിന്നാണ് വനിതാ ഉദ്യോഗസ്ഥരടക്കം അഞ്ചുപേരടങ്ങുന്ന അന്വേഷണ സംഘം പെൺകുട്ടിയെ കണ്ടെത്തിയത്. കാമുകൻ ധരണിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെൺകുട്ടിയെ മുക്കം സ്റ്റേഷനിൽ എത്തിച്ചു വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പ്രതികളിലൊരാളായ മിഥുൻരാജ് കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കിയതായി പെൺകുട്ടി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്.
തുടർന്ന് പ്രതികളെ പിടികൂടുന്നതിനായി നിയോഗിച്ച അന്വേഷണ സംഘം ചൊവ്വാഴ്ച്ച രാത്രി പത്തു മണിയോടെ മുഖ്യപ്രതിയായ മിഥുൻരാജിനെ മണാശ്ശേരിയിൽ വെച്ചു കസ്റ്റഡിയിലെടുക്കുകയും രണ്ടും മൂന്നും പ്രതികളായ അഖിത്ത് രാജിനെയും ജോബിനെയും പുലർച്ചെ മുക്കത്തുവെച്ചു പിടികൂടുകയും ചെയ്തു. കൂടാതെ പെൺകുട്ടിയെ കടത്തി കൊണ്ടുപോകാനുപയോഗിച്ച കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുക്കം ഇൻസ്‌പെക്ടർ ബി.കെ.സിജുവിെൻറ നിർദേശപ്രകാരം എ.എസ്.ഐ. മാരായ സലീം മുട്ടത്ത്, ജയമോദ്, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, സ്വപ്ന പ്രേജിത്ത്, രമ്യ, എ.എസ്.ഐ നാസർ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് കുട്ടിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.