ക്രഷറുകളിൽവേ ബ്രിഡ്ജ് ഇല്ല; അമിതഭാരം കയറ്റിയെന്നാരോപിച്ച് ടിപ്പർ ലോറികൾക്കെതിരെ നടപടി, പ്രതിഷേധം
text_fieldsമുക്കം: അമിത ഭാരം കയറ്റിയ ടിപ്പർ ലോറികൾകൾക്കെതിരെ മോട്ടോർ വാഹന വകുപ്പും ജിയോളജി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനക്കെതിരെ സംസ്ഥാന പാതയിലെ നോർത്ത് കാരശേരിയിൽ ടിപ്പർ ലോറി ജീവനക്കാരുടെയും ഉടമകളുടേയും പ്രതിഷേധം. ക്രഷറുകളിൽ വേ ബ്രിഡ്ജ് സ്ഥാപിക്കണമെന്ന് ഉത്തരവ് ഉണ്ടായിട്ടും അത് നടപ്പാക്കാത്ത ക്രഷർ ഉടമകൾക്ക് എതിരെയാണ് നടപടി സ്വീകരിക്കേണ്ടതെന്നും ഭാരം അളക്കാൻ തങ്ങൾക്ക് ഒരു മാർഗവും ഇല്ലെന്നും ടിപ്പർ തൊഴിലാളികൾ പറഞ്ഞു. വൻതോതിൽ ഫൈൻ ഈടാക്കുന്നതിനെതിരെയാണ് ടിപ്പർ തൊഴിലാളികളും ഉടമകളും പ്രതിഷേധിച്ചത്.
സംസ്ഥാന പാതയിലെ ഗോതമ്പ റോഡിൽ നടത്തിയ പരിശോധനയിൽ ഒരു ടിപ്പർ ലോറി പിടികൂടി മുക്കം നോർത്ത് കാരശേരിയിലെ സ്വകാര്യ വേ ബ്രിഡ്ജിൽ കൊണ്ടുവന്ന് നടത്തിയ പരിശോധനയിൽ അമിത ഭാരം കണ്ടെത്തിയിരുന്നു. ഇതിന് മോട്ടോർ വാഹന വകുപ്പും ജിയോളജി വകുപ്പും 35,000 പിഴയിട്ടതോടെയാണ് പ്രതിഷേധവുമായി ജീവനക്കാർ എത്തിയത്. നോർത്ത് കാരശേരിയിലെ വേ ബ്രിഡ്ജിൽ 50 ടൺ വരെ മാത്രമേ തൂക്കാൻ പറ്റുകയുള്ളൂവെന്നും അതിനാൽ അളവ് തെറ്റാണെന്നും ലോറി ഉടമകൾ പറഞ്ഞപ്പോൾ എന്നാൽ 20 കിലോമീറ്റർ ദൂരെയുള്ള കുന്ദമംഗലത്ത് കൊണ്ടുപോയി തൂക്കാമെന്ന് ഉദ്യോഗസ്ഥർ നിലപാട് എടുക്കുകയായിരുന്നു.
ഇത്രയും ദൂരം ലോറി കൊണ്ടുപോയി തൂക്കുന്നതിന് വലിയ സാമ്പത്തിക ചെലവ് വരുമെന്നും ക്രഷറുകളിൽ വേ ബ്രിഡ്ജ് സ്ഥാപിക്കാത്തതാണ് അമിത ഭാരം കയറ്റാൻ കാരണമെന്നും ക്രഷറിൽനിന്നും തരുന്ന തൂക്കത്തിനുള്ള ബില്ല് ക്രഷറിൽ നിന്നും തരുന്നുണ്ടെന്നും ടിപ്പർ ലോറി ഉടമ പറഞ്ഞു. കൂടുതൽ ടിപ്പർ ജീവനക്കാരെത്തി പ്രതിഷേധിച്ചതോടെ മോട്ടോർ വാഹന വകുപ്പ്, ജിയോളജി ഉദ്യോഗസ്ഥർ മുക്കം പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി ലോറി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഉദ്യോഗസ്ഥർ പരാതി നൽകിയാൽ പ്രതിഷേധിച്ചവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അസി. ജിയോളജിസ്റ്റ് രേഷ്മ, എൻഫോഴ്സ്മെന്റ് എം.വി.ഐ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.