ആയുസ്സ് അഞ്ച് വർഷം മാത്രം: നിർമാണത്തിലെ അശാസ്ത്രീയത; എയ്റോബിക് പ്ലാന്റ് പൊളിക്കുന്നു
text_fieldsമുക്കം: അശാസ്ത്രീയമായ നിർമാണംമൂലം ഒരു തവണപോലും ഉപയോഗിക്കാൻ പറ്റാത്ത എയ്റോബിക് പ്ലാന്റ് പൊളിച്ചുമാറ്റുന്നു. ജൈവമാലിന്യ സംസ്കരണത്തിന് അഞ്ചു ലക്ഷത്തോളം രൂപ ചെലവിൽ മുക്കം നഗരസഭ നിർമിച്ച എയ്റോബിക് പ്ലാന്റാണ് പൊളിച്ചുനീക്കുന്നത്. മുക്കം പഴയ ബസ് സ്റ്റാൻഡിൽ നിർമിച്ച എയ്റോബിക് പ്ലാന്റ് പൊതുശൗചാലയ നിർമാണത്തിനായാണ് പൊളിച്ചുമാറ്റുന്നത്. നിലവിൽ നഗരസഭയുടെ ശുചീകരണ ഉപകരണങ്ങൾ സൂക്ഷിക്കാനാണ് പ്ലാന്റ് ഉപയോഗിക്കുന്നത്. അതിനിടെ പുതിയ രണ്ട് പ്ലാന്റുകൾ നിർമിക്കാൻ നഗരസഭ അനുമതിയും നൽകിക്കഴിഞ്ഞു.
2019ലാണ് മുക്കം ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ പ്ലാന്റ് നിർമിച്ചത്. ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ നഗരത്തിൽനിന്ന് ശേഖരിക്കുന്ന ജൈവമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി, ഒന്നര ടൺ ജൈവമാലിന്യ സംസ്കരണ ശേഷിയുള്ള പ്ലാന്റാണ് ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ചത്. പ്ലാന്റിൽനിന്നുള്ള കമ്പോസ്റ്റ് ഉപയോഗിച്ച് പരിപാലിക്കുന്നതിന് പച്ചക്കറി തോട്ടവും ഒരുക്കിയിരുന്നു. എന്നാൽ, ഉദ്ഘാടനം പോലും നടത്താൻ ഭരണസമിതിക്കായില്ല. മണ്ണുത്തി കാർഷിക യൂനിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത ബാക്ടീരിയ മിശ്രിതം ഉപയോഗിക്കാനായിരുന്നു തീരുമാനം.
പ്ലാന്റ് പൊളിച്ചുനീക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി നഗരസഭ അധികൃതർ പറഞ്ഞു. 34,000 രൂപ നൽകിയാണ് പ്ലാന്റ് പൊളിച്ചുമാറ്റുന്നത്. ഇത്, മറ്റൊരിടത്ത് സ്ഥാപിക്കാൻ കഴിയില്ലെന്നും അധികൃതർ പറഞ്ഞു.
2019ൽ മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരസഭ പരിധിയിൽ നാല് എയ്റോബിക് പ്ലാന്റുകളാണ് നിർമിച്ചുനൽകിയത്. മണാശ്ശേരി ഗവ. യു.പി സ്കൂളിലും നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും മുക്കം സി.എച്ച്.സിയിലും നിർമിച്ച എയ്റോബിക് പ്ലാന്റുകളും ഇതുവരെ ഉപയോഗിച്ചിട്ടില്ല. പ്ലാന്റുകൾ നിർമിച്ചതിൽ അശാസ്ത്രീയതയുണ്ടെന്ന പരാതി ഉയർന്നിരുന്നു. മുക്കത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പുതിയ രണ്ട് പ്ലാന്റുകളും നിർമിക്കുന്നത്. അടുത്ത ദിവസംതന്നെ നിർമാണം ആരംഭിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.