അഗസ്ത്യമുഴി തോട്ടിൽ പെയിന്റ് കലർത്തി മലിനമാക്കി
text_fieldsമുക്കം: പഴകിയ പെയിൻറ് കലർത്തി തോട് മലിനമാക്കി. മുക്കം നഗരസഭയിലെ പ്രധാന ജലസ്രോതസ്സുകളിളൊന്നായ മാമ്പറ്റ- അഗസ്ത്യമുഴി തോട്ടിലാണ് പെയിൻറ് ഒഴുക്കിയത്. ഇന്നലെ ഉച്ചയോടുകൂടി വെളുത്ത നിറത്തിൽ വെള്ളമൊഴുകാൻ തുടങ്ങിയത് നാട്ടുകാർക്കും ആശ്ചര്യമായി.
മാമ്പറ്റ ഭാഗത്തുനിന്ന് രണ്ടര കിലോമീറ്ററോളം ദൂരത്തിൽ പാലുപോലെ വെളുത്ത നിറത്തിലാണ് തോട് ഒരുമണിക്കൂറോളം ഒഴുകിയത്. വിവരമറിഞ്ഞെത്തിയ നഗരസഭ സംഘം നടത്തിയ പരിശോധനയിൽ, തോട്ടിലേക്ക് പഴകിയ പെയിന്റ് വൻതോതിൽ ഒഴുക്കി വിട്ടതാണ് വെള്ളത്തിന്റെ നിറംമാറ്റത്തിന് കാരണമെന്ന് കണ്ടെത്തി. കുളിക്കാനും അലക്കാനും ഉൾപ്പെടെ ഉപയോഗിക്കുന്ന തോട് നാശമായതിനുപുറമെ, പെയിൻറ് കലർന്ന തോട്ടിലെ ജലം ഒഴുകിയെത്തി ഇരുവഞ്ഞിപ്പുഴയും മലിനമാക്കി.
സമീപവാസികളിൽനിന്ന് വിവരശേഖരണം നടത്തിയ നഗരസഭ സംഘം പെയിൻറ് ഒഴുക്കിയ സ്ഥലവും കണ്ടെത്തി. കുറ്റക്കാരെ കണ്ടെത്തുന്നതിന് മുക്കം പൊലീസിൽ പരാതി നൽകി. പൊതുജനങ്ങൾക്കും പരിസ്ഥിതിക്കും ഏറെ ദ്രോഹം ചെയ്യുന്ന ഈ പ്രവൃത്തി ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാധികൃതർ വ്യക്തമാക്കി.
നഗരസഭ ചെയർമാൻ പി.ടി. ബാബു, സെക്രട്ടറി എൻ.കെ. ഹരീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പ്രജിത പ്രദീപ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ, കൗൺസിലർ പി. ജോഷില, ഹെൽത്ത് ഇൻസ്പെക്ടർ റോഷൻ ലാൽ എന്നിവർ പരിശോധനക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.