കുരുക്കിൽ മുങ്ങി അഗസ്ത്യൻമുഴി ജങ്ഷൻ
text_fieldsമുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ അഗസ്ത്യൻമുഴി അങ്ങാടിയിലെ ഗതാഗതക്കുരുക്ക് അപകടങ്ങൾക്ക് കാരണമാവുന്നു. ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയത്ത് നിയമം ലംഘിച്ചുള്ള വാഹനങ്ങളുടെ കടന്നുപോക്കാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നത്.
ബുധനാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ ഒരു ബൈക്ക് യാത്രക്കാരിയുടെ ജീവനാണ് എടുത്തത്. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും നാട്ടുകാരുടെയുമെല്ലാം നിരന്തര ആവശ്യമാണ് അഗസ്ത്യൻമുഴി ജങ്ഷനിലെ കുരുക്ക് ഒഴിവാക്കി സുഗമ യാത്ര സാധ്യമാക്കുകയെന്നത്. ഇതിനായി സ്ഥിരമായി ഒരു ട്രാഫിക് പൊലീസിനെയെങ്കിലും നിയമിക്കണമെന്ന് നാട്ടുകാർ പറയുന്നു.
നിലവിലെ അതിരൂക്ഷ ഗതാഗതക്കുരുക്കിന് പ്രധാന കാരണം ഓമശ്ശേരി -തിരുവമ്പാടി റോഡ് നവീകരണ പ്രവൃത്തിമൂലം അടച്ചതാണ്. അതുവഴി പോകേണ്ട മിക്ക വാഹനങ്ങളും കടന്നുപോവുന്നത് അഗസ്ത്യൻമുഴി ജങ്ഷൻ വഴിയാണ്. ഇങ്ങനെ വരുന്ന വാഹനങ്ങൾ മണിക്കൂറുകളോളമുള്ള ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ അശ്രദ്ധമായി മറ്റു വാഹനങ്ങളെ മറികടക്കുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നത്.
ഗതാഗതക്കുരുക്കുമൂലം പ്രദേശത്തേക്ക് ഓട്ടം വിളിച്ചാൽ വരാൻ പോലും ഓട്ടോറിക്ഷ ഡ്രൈവർമാർ മടിക്കുകയാണ്. ആളുകളുടെ നിരന്തര അഭ്യർഥന കാരണം ഇവിടേക്ക് രണ്ടു ട്രാഫിക് ചുമതലയുള്ള ഹോം ഗാർഡിനെ നിയമിച്ചെങ്കിലും ഇതൊന്നും തിരക്ക് നിയന്ത്രിക്കുന്നതിൽ ശാശ്വത പരിഹാരം ആവുന്നില്ല. ആശുപത്രികളും സ്കൂളുകളുമെല്ലാം പ്രവർത്തിക്കുന്ന സ്ഥലത്താണ് ബ്ലോക്ക് അനുഭവപ്പെടുന്നത്.
റോഡിനു നടുവിലെ വൻ ആൽ മരവും വാഹനങ്ങൾക്ക് ഭീഷണിയാണ്. വ്യാപാരികളെ ഏറെ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ് അഗസ്ത്യൻമുഴി അങ്ങാടിയിൽ ഉള്ളത്.
വാഹനങ്ങൾ കടകളിലേക്ക് ഇടിച്ചുകയറി ജീവനും സാധനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് സമീപത്തെ ഹോട്ടൽ നടത്തിപ്പുകാരും പലചരക്ക് കടക്കാരും ഭയപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.