ആനക്കാംപൊയിൽ തുരങ്കപാത; നിർമാണത്തിന് ടെൻഡർ ക്ഷണിച്ച് കൊങ്കൺ റെയിൽവേ
text_fieldsമുക്കം: കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിന് ഉതകുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണ ഘട്ടത്തിലേക്ക്.പദ്ധതിക്കായി കൊങ്കൺ റെയിൽവേ കോർപറേഷൻ ടെൻഡർ ക്ഷണിച്ചു. 1643.33 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ഇരട്ട തുരങ്കപാത നിർമാണത്തിനും 93.12 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഇരുവഴിഞ്ഞി പുഴക്ക് കുറുകെ ആർച്ച് പാലം, നാലുവരി സമീപന റോഡ് എന്നീ നിർമാണത്തിനും രണ്ടു വിഭാഗമായാണ് ടെൻഡർ ക്ഷണിച്ചത്.
പാലത്തിന്റെയും സമീപന റോഡിന്റെയും ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 19ഉം ഇരട്ട തുരങ്കപാതയുടേത് ഫെബ്രുവരി 23ഉം ആണ്. അടുത്ത മാർച്ചോടെ നിർമാണക്കമ്പനിയെ കണ്ടെത്തി പദ്ധതി ആരംഭിക്കാനാണ് ചുമതലക്കാരായ കൊങ്കൺ റെയിൽവേ കോർപറേഷന്റെ ശ്രമം.
നാലു വർഷമാണ് നിർമാണ കാലാവധി. ഡിസംബറിൽ ടെൻഡർ നടപടികൾ ആരംഭിക്കാനും മാർച്ചിൽ പ്രവൃത്തി തുടങ്ങി നാലു വർഷത്തിനകം പൂർത്തീകരിക്കാൻ കഴിയും വിധം പ്രവൃത്തികൾ വേഗത്തിലാക്കാനുമാണ് തീരുമാനമെന്നും പി.ആർ.ഒ അരുൺ മുക്കത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.
തുരങ്കപാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാര തുക ഉടൻ വിതരണം ചെയ്യും. ഇതിനായുള്ള ഡോക്യുമെന്റ് വെരിഫിക്കേഷൻ പൂർത്തിയായി. തിരുവമ്പാടി, നെല്ലിപ്പൊയിൽ വില്ലേജുകളിലെ 11 ഹെക്ടർ സ്വകാര്യ ഭൂമിയാണ് തുരങ്കപാതക്കും സമീപന റോഡ് നിർമാണത്തിനുമായി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിലനിർണയവും ഭൂവുടമകളുമായുള്ള ചർച്ചകളും കഴിഞ്ഞ ദിവസം പൂർത്തിയായി.
ഒരു വർഷം നീണ്ട പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിലെ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾകൂടി സ്വരൂപിച്ചുകഴിഞ്ഞാൽ നടപടിക്രമങ്ങൾ പൂർത്തിയാകും. ഇതിനുള്ള പബ്ലിക് ഹിയറിങ് 11ന് വയനാട്ടിലും 13ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലും നടത്തും. 34.31 ഹെക്ടർ വനഭൂമിയാണ് പദ്ധതിക്കായി ഉപയോഗിക്കേണ്ടത്. ഇതിൽ 34.10 ഹെക്ടറും ഭൂഗർഭ പാതയാണ്. ഏറ്റെടുക്കുന്ന വനഭൂമിക്കു പകരം വനമാക്കി മാറ്റേണ്ട ഭൂമി വനംവകുപ്പ് വയനാട് ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്.
സൗത്ത് വയനാട് ഡിവിഷനിൽപെട്ട ചുള്ളിക്കാട്, കൊള്ളിവയൽ, മടപ്പറമ്പ്, മണൽ വയൽ വില്ലേജുകളിൽ വനംവകുപ്പ് ഏറ്റെടുത്ത ഭൂമിയിൽ 17.263 ഹെക്ടറിൽ മരങ്ങൾ വെച്ചുപിടിപ്പിക്കും. ശേഷം അത് റിസർവ് വനമായി വിജ്ഞാപനം ചെയ്ത് കേന്ദ്ര മന്ത്രാലയത്തെ അറിയിക്കണം.ഇതിനുള്ള നടപടികളും അന്തിമ ഘട്ടത്തിലാണ്. പാതക്ക് കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചിരുന്നു.
ഒന്നാം പിണറായി സർക്കാർ ആദ്യ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി 2020 ഒക്ടോബർ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പാതക്ക് 2,138 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചതാണ്.പാത യാഥാർഥ്യമാകുന്നതോടെ മലബാറിലെ ടൂറിസം, വ്യവസായം, കൃഷി തുടങ്ങി സർവ മേഖലയിലെയും സമഗ്ര വികസനത്തിന് ഗതിവേഗം കൂടും. ഒപ്പം താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.