ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത' ടെൻഡർ തുറക്കുന്നത് വീണ്ടും നീട്ടി
text_fieldsമുക്കം: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കാനുദ്ദേശിക്കുന്ന ആനക്കാംപൊയിൽ- കള്ളാടി -മേപ്പാടി തുരങ്കപാതയുടെ ടെൻഡർ തുറക്കുന്നത് വീണ്ടും നീട്ടി. ഇന്നലെ ടെൻഡർ തുറക്കാനിരിക്കെ കമ്പനികളുടെ അഭ്യർഥനയെ തുടർന്നാണ് ഈ മാസം 19ലേക്ക് നീട്ടിയത്. പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച് ഇരുപത്തിയഞ്ചോളം വൻകിട നിർമാണ കമ്പനികൾ പ്രദേശം പരിശോധിച്ചിട്ടുണ്ട്. ഇവരിൽ എത്രപേർ ടെൻഡർ നൽകിയെന്ന് ടെൻഡർ ഓപൺ ചെയ്താലേ അറിയാൻ കഴിയൂ.
ഓൺലൈൻ വഴിയാണ് ടെൻഡർ സമർപ്പിക്കുന്നത്. ട്രഷറി നിയന്ത്രണങ്ങളിൽ തട്ടി നഷ്ടപരിഹാരം വൈകിയ പ്രശ്നങ്ങൾ പരിഹരിക്കുകയും നാല് കേസുകളിൽ രണ്ടെണ്ണം പരിഹാരത്തിന്റെ വക്കിലെത്തിയതായും കൊങ്കൺ റെയിൽവേ അധികൃതർ വ്യക്തമാക്കി. 1643.33 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുരങ്കപാത നിർമാണത്തിന് രണ്ടു പാക്കേജുകളായുള്ള ടെൻഡറുകളാണ് ക്ഷണിച്ചത്. സമീപ റോഡും രണ്ടു പാലങ്ങളും ഉൾപ്പെടുന്ന ഒരു പാക്കേജും ഇരട്ട തുരങ്കപാത മാത്രമായി മറ്റൊന്നും. ഒരേ കമ്പനിക്കുതന്നെ രണ്ടു ടെൻഡറുകളും ലഭിച്ചാൽ നിർമാണച്ചെലവ് ഏറെ കുറയാനും സാധ്യതയുണ്ട്.
കോഴിക്കോട് ജില്ലയിൽ 45 സർവേ നമ്പറുകളിലുള്ള ഭൂമി ഏറ്റെടുക്കാൻ 40 കോടിയും വയനാട്ടിൽ 15 കോടിയുമാണ് നഷ്ടപരിഹാരം അനുവദിച്ചത്.
കോഴിക്കോട്ടെ 14 പേർക്കുള്ള തുക അക്കൗണ്ടിൽ നിക്ഷേപിച്ചു കഴിഞ്ഞു. ശേഷിച്ച നടപടികൾ ലോക്സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കുശേഷം പൂർത്തിയാക്കും. വയനാട്ടിലെ ഭൂ ഉടമകളുമായുള്ള ചർച്ചയും നഷ്ടപരിഹാര പാക്കേജ് തീരുമാനവും പൂർത്തിയായിക്കഴിഞ്ഞു. തഹസിൽദാർ തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കപ്പെട്ടതോടെ 26ന് ശേഷം നടപടികൾ പുനരാരംഭിക്കും.
കോഴിക്കോട് ജില്ലയിലെ നാല് ഭൂവുടമകൾ ഇതിനിടെ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ അവകാശത്തിലുള്ള ഭൂമി പൂർണമായും ഏറ്റെടുക്കണമെന്നാണ് ആവശ്യം. ഇതിൽ രണ്ടുപേർ നഷ്ടപരിഹാരം സ്വീകരിക്കാൻ സമ്മതം അറിയിച്ചതായി കൊങ്കൺ റെയിൽവേ അധികൃതർ അറിയിച്ചു.
മറ്റുള്ളവരുമായി ചർച്ചകൾ തുടരുകയാണ്. ഈ കേസിന്റെ നില എന്തായാലും പദ്ധതി തുടങ്ങുന്നതിന് തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി. മല തുരക്കുന്നതിന്റെ അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ വേണ്ടിയാണ് ഇവരുടെ ഭൂമി ഏറ്റെടുക്കുന്നത്. ആനക്കാംപൊയിൽ ഭാഗത്ത് ഇതിനുവേണ്ടി പകുതിയോളം ഭൂമി ലഭ്യമായിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.