ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത: ടെൻഡർ നൽകിയത് 25ലധികം കമ്പനികൾ
text_fieldsമുക്കം: കോഴിക്കോട്-വയനാട്-മലപ്പുറം ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാത നിർമാണഘട്ടത്തിലേക്ക് അടുക്കുന്നു. പാതയുടെ ടെൻഡർ ഈ മാസം 19 ന് തുറക്കും. 1643.33 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഇരട്ട തുരങ്കപാത നിർമാണത്തിനും 93.12 കോടി ചെലവ് പ്രതീക്ഷിക്കുന്ന ഇരുവഴിഞ്ഞിപുഴക്ക് കുറുകെയുള്ള മേജർ ആർച്ച് പാലം, നാലുവരി സമീപന റോഡ് നിർമാണം എന്നിങ്ങനെ രണ്ട് സീരീസായാണ് ടെൻഡർ ക്ഷണിച്ചത്. 25ലധികം കമ്പനികൾ ടെൻഡർ സമർപ്പിച്ചതായാണ് അനൗദ്യോഗിക വിവരം. ടെൻഡർ നടപടികൾക്കുശേഷം നിർമാണ കമ്പനിയെ കണ്ടെത്തി പദ്ധതി ആരംഭിക്കാനാണ് നിർമാണ ചുമതലക്കാരായ കൊങ്കൺ റെയിൽവേ കോർപറേഷൻ ശ്രമം. നാല് വർഷമാണ് നിർമാണ കാലാവധി. തുരങ്കപാതയുടെ നിർമാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാര തുക ഉടൻ വിതരണം ചെയ്യും.
കോഴിക്കോട് ജില്ലയിൽ 45 പേരിൽ 14 പേർക്കുള്ള നഷ്ടപരിഹാര വിതരണം പൂർത്തിയായതായി പദ്ധതിയുടെ പി.ആർ.ഒ അരുൺ പറഞ്ഞു. തിരുവമ്പാടി, നെല്ലിപ്പൊയിൽ വില്ലേജുകളിലെ 11 ഹെക്ടർ സ്വകാര്യ ഭൂമിയാണ് തുരങ്കപാതക്കും സമീപ റോഡ് നിർമാണത്തിനുമായി ഏറ്റെടുക്കുന്നത്. പദ്ധതിയുടെ പൊതു ഹിയറിങ് ജനുവരി 11ന് വയനാട്ടിലും 13ന് കോഴിക്കോട്ട് സിവിൽ സ്റ്റേഷനിലും നടന്നിരുന്നു. 34.31 ഹെക്ടർ വനഭൂമിയാണ് പദ്ധതിക്കായി ഉപയോഗിക്കേണ്ടത്. ഇതിൽ 34.10 ഹെക്ടറും ഭൂഗർഭ പാതയാണ്. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം വനമാക്കി മാറ്റേണ്ട ഭൂമി വനം വകുപ്പ് വയനാട് ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. സൗത്ത് വയനാട് ഡിവിഷനിൽപെട്ട ചുള്ളിക്കാട്, കൊള്ളിവയൽ, മടപ്പറമ്പ്, മണൽവയൽ വില്ലേജുകളിൽ വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയിൽ 17.263 ഹെക്ടറിൽ മരങ്ങൾ വെച്ചുപിടിപ്പിക്കും. ശേഷം അത് റിസർവ് വനമായി വിജ്ഞാപനം ചെയ്ത് കേന്ദ്രമന്ത്രാലയത്തെ അറിയിക്കണം. ഇതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. പാതക്ക് കഴിഞ്ഞ ഏപ്രിലിൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചിരുന്നു. ഒന്നാം പിണറായി സർക്കാർ ആദ്യ നൂറു ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി 2020 ഒക്ടോബർ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ലോഞ്ചിങ് നടത്തിയത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പാതക്ക് 2,138 കോടി രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.